ആനത്തലയോളം സംശയങ്ങളുമായി കുട്ടിപ്പട്ടാളം
1543175
Thursday, April 17, 2025 1:40 AM IST
തൃശൂർ: ലക്ഷ്മിക്കുട്ടിയുടെ ചർമംകണ്ടാൽ പ്രായം തോന്നില്ല. അതുകൊണ്ടുതന്നെ പതിവുതെറ്റിക്കാതെ ഇത്തവണയും കുട്ടികളോടു കളിക്കാനും കൂട്ടുകൂടാനും ലക്ഷ്മിക്കുട്ടി എന്ന ആനക്കുട്ടി ജവഹർ ബാലഭവനിൽ എത്തി.
തൃശൂർ തിരുവമ്പാടി ദേവസ്വത്തിന്റെ വിജയലക്ഷ്മി എന്ന ലക്ഷ്മിക്കുട്ടി മുടങ്ങാതെ 15 വർഷത്തോളമായി ബാലഭവനിലെ അവധിക്കാല അതിഥിയാണ്. തിരുവമ്പാടി ക്ഷേത്രത്തിലെ രാവിലത്തെ ശീവേലി കഴിഞ്ഞാൽ ഒരുദിവസം നേരേ ബാലഭവനിലേക്ക്. കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി തെറ്റാത്ത ചിട്ട. ഇന്നലെയും പതിവു തെറ്റിയില്ല.
ലക്ഷ്മിക്കുട്ടിയെ കാത്തിരുന്ന കുട്ടിക്കൂട്ടത്തിനുമുന്നിലേക്കു പതിവുപോലെ കുണുങ്ങിക്കുണുങ്ങി അവൾ കയറിവന്നപ്പോൾ ആർപ്പുവിളികളോടെയാണ് കുട്ടികൾ വരവേറ്റത്. കുട്ടികൾ കൈവീശി ആർത്തുവിളിച്ചപ്പോൾ ലക്ഷ്മിക്കുട്ടിയും തുമ്പിക്കൈയുയർത്തി കുട്ടികളെ അഭിവാദ്യംചെയ്തു. അതോടെ കുട്ടിക്കൂട്ടം ഇളകി മറിഞ്ഞു.
വർഷങ്ങളായി ലക്ഷ്മിക്കുട്ടിയെ കുട്ടികൾക്കു പരിചയപ്പെടുത്തുന്ന പ്രശസ്ത ആനചികിത്സകൻ ഡോ. പി.ബി.ഗിരിദാസും ബാലഭവനിൽ എത്തിയിരുന്നു. കഴിക്കാനായി തണ്ണിമത്തനും ജിലേബിയും വെള്ളരിയും കൊടുത്തപ്പോൾ ലക്ഷ്മിക്കുട്ടിക്കു ക്ഷ പിടിച്ചു. ആനവായിലേക്ക് അതെല്ലാം പോകുന്നതു കുട്ടികൾ കൗതുകത്തോടെ നോക്കിയിരുന്നു.
ആന 200 കിലോ ഭക്ഷണവും 200 ലിറ്റർ വെള്ളവും കഴിക്കുമെന്നു ഡോ. ഗിരിദാസ് പറഞ്ഞത് അദ്ഭുതത്തോടെയാണ് കുട്ടികൾ വാതുറന്നു കേട്ടത്. ലക്ഷ്മിക്കുട്ടിയുടെ ഭാരം 3500 കിലോ ആണെന്നും ഡോക്ടർ വ്യക്തമാക്കി.
അപ്പോഴേക്കും കുട്ടിപ്പട്ടാളം നൂറായിരം സംശയങ്ങൾ ചങ്ങല പൊട്ടിച്ചു. ആനയുടെ തുമ്പിക്കൈയിൽ ഉറുമ്പ് പോയാൽ എന്തുചെയ്യും, ആനയ്ക്കു കുട്ടികൾ ഉണ്ടോ, എത്ര പല്ലുണ്ട്, പല്ല് എങ്ങനെയാണ്, കാലിൽ നഖമുണ്ടോ, കൊമ്പെന്താ ഇത്ര ചെറുത്, ആന പാവമാണോ... അതിനെല്ലാം ഡോ. ഗിരിദാസ് വിശദമായി മറുപടി നൽകി.
ആനയെ തൊടണോ എന്നു ഗിരിദാസ് ചോദിച്ചപ്പോഴേക്കും കുട്ടികൾ ആനയെ വളഞ്ഞു. പിന്നെ ആനയെ തൊടാനുള്ള തിക്കുംതിരക്കും ബഹളവുമായി. ആന ചിന്നം വിളിക്കുന്നത് എങ്ങനെയാണെന്ന് കേൾപ്പിച്ചുകൊടുത്തപ്പോൾ കുട്ടികൾക്കു വീണ്ടും അത്ഭുതം. ബാലഭവനിലെ ഒരു കുട്ടിയെ ലക്ഷ്മിക്കുട്ടിയുടെ പുറത്തു കയറ്റുകയും ചെയ്തു.
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള മൃഗമായതുകൊണ്ടാണ് ആനയെ എല്ലാവർഷവും ബാലഭവനിലേക്കു കൊണ്ടുവരുന്നതെന്നു ബാലഭവനിലെ നാടക അധ്യാപകനായ നിപിൻ ഉണ്ണി പറഞ്ഞു. തൃശൂർ എസ്പിസിഎ ഇൻസ്പെക്ടർ അനിൽ, തൃശൂർ റിട്ട. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.കെ.ജി. അശോകൻ എന്നിവരും ഗിരിദാസിനൊപ്പം കുട്ടികൾക്ക് ആനയെ പരിചയപ്പെടുത്താൻ ഉണ്ടായിരുന്നു. ഒരു മണിക്കൂറിനുശേഷം ലക്ഷ്മിക്കുട്ടി മടങ്ങുമ്പോൾ യാത്രയാക്കാൻ കുട്ടികൾക്കു മനസുണ്ടായിരുന്നില്ല.