കരിയന്നൂരിൽ വൻ മണ്ണെടുപ്പ്; ജിയോളജി, റവന്യൂ വകുപ്പുകളുടെ അനുമതിയോടെയെന്ന്
1542835
Wednesday, April 16, 2025 1:27 AM IST
എരുമപ്പെട്ടി: കരിയന്നൂരിൽ വൻ മണ്ണെടുപ്പ്. ജിയോളജി റവന്യൂ വകുപ്പുകളുടെ അനുമതിയുണ്ടെന്ന് അറിയിച്ചാണ് കുന്നിടിച്ച് വൻതോതിൽ മണ്ണ് കടത്തുന്നത്. എരുമപ്പെട്ടി പഞ്ചായത്തിലെ 18-ാം വാർഡിൽ ഉൾപ്പെട്ട കരിയന്നൂർ കുന്നിലാണ് വൻതോതിലുള്ള മണ്ണെടുപ്പ് നടത്തുന്നത്. യത്തീംഖാനയ്ക്ക് സമീപമാണ് കുന്ന് സ്ഥിതിചെയ്യുന്നത്. നിർമാണപ്രവൃത്തികളുടെ മറവിലാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. വലിയ ടോറസ് ടിപ്പറുകളിലാണ് മണ്ണ് കൊണ്ടുപോകുന്നത്.
കുന്നിന്റെ പകുതി ഭാഗവും തുരന്നെടുത്ത നിലയിലാണ്. പരിശോധന നടത്താതെയാണ് ജിയോളജി വകുപ്പ് അനുമതി നൽകുന്നതെന്ന് ആരോപണമുണ്ട്. അനുമതി നൽകുന്ന അധികൃതർ പിന്നീട് പ്രദേശത്തക്കു തിരിഞ്ഞുനോക്കുന്നില്ല. ചെറിയ അളവിൽ മണ്ണെടുക്കുവാനുള്ള അനുമതി നേടി വൻതോതിൽ മണ്ണെടുത്ത് വിൽപ്പന നടത്തുകയാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇടപ്പെട്ട് മണ്ണെടുപ്പ് നിർത്തിവെയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.