ഇനി തദ്ദേശസ്ഥാപനങ്ങളിലേക്കു നടന്ന് ഒരാളുടെയും ചെരിപ്പ് തേയില്ല: മന്ത്രി
1543480
Friday, April 18, 2025 12:34 AM IST
ഒല്ലൂർ: കേരളത്തിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടന്ന് ഇനി ആരുടെയും ചെരിപ്പുതേയില്ലെന്നു തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. തൃശൂർ കോർപറേഷൻ ഒല്ലൂർ മേഖലാ കാര്യാലയത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കെ സ്മാർട്ട് ആപ്പിലൂടെ വേഗത്തിൽ, സുതാര്യമായി, അഴിമതിയില്ലാതെ, ഓൺലൈനായി സേവനങ്ങൾ ലഭ്യമാകും. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരസംസ്ഥാനമായി കേരളം ഉടൻ മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തൃശൂരിന്റെ നഗരവീഥികൾ വൃത്തിയാക്കി മനോഹരമാക്കിയത് അതേരീതിയിൽ സൂക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും വൃത്തിഹീനമാക്കുന്നവർക്കെതിരേ നിയമനടപടി എടുക്കാൻ മടി വേണ്ടെന്നും മന്ത്രി ഓർമിപ്പിച്ചു.
കെട്ടിടസമുച്ചയത്തിലെ ലിഫ്റ്റ് ഉദ്ഘാടനം റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി കരാറുകാരനെ ആദരിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ് കണ്ടംകുളത്തി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള വേണുഗോപാൽ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, നികുതി അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൺ, ഡിപിസി അംഗം സി.പി. പോളി, കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ യു.പി. ജോസഫ്, പി.ഡി. റെജി, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ബാബു തച്ചനാടൻ തുടങ്ങിയവർ പ്രസംഗിച്ചു. സൂപ്രണ്ടിംഗ് എൻജിനിയർ പി.ആർ. ശ്രീലത റിപ്പോർട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് എൻജിനിയർ സുജ ജോർജ് നന്ദി പറഞ്ഞു.
പെസഹാ വ്യാഴാഴ്ച ഉദ്ഘാടനം വച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ചടങ്ങിൽനിന്ന് വിട്ടുനിന്നു.