നെല്ല് സപ്ലൈകോ കൊണ്ടുപോയില്ല; മഴയിൽ മുളപൊട്ടി നശിച്ചു
1543185
Thursday, April 17, 2025 1:40 AM IST
പുന്നയൂർക്കുളം: ഉപ്പുങ്ങൽ കോൾ പടവിൽ ചാക്കിലാക്കിയ നെല്ല് മുളപൊട്ടി നശിച്ചു. എട്ട് ക്വിന്റൽ നെല്ലാണ് ഉപയോഗശൂന്യമായത്.
കൊയ്ത്ത് കഴിഞ്ഞ് ചാക്കിലാക്കിവച്ച നെല്ല് സപ്ലൈകോ സംഭരിക്കാത്തതു കാരണമാണ് നശിച്ചതെന്ന് നെൽകർഷകൻ ചെറവല്ലൂർ പ്രാരത്ത് സുബ്രഹ്മണ്യൻ പറഞ്ഞു. 25 ദിവസമായി പാടശേഖരയോരത്ത് ടാർപോളിൻ ഷീറ്റിട്ടു മൂടിയ നെല്ലാണ് മഴ പെയ്തതിനെ തുടർന്നുണ്ടായ ഈർപ്പത്തിൽ മുള പൊട്ടിയത്. ബാക്കിയുള്ള നെല്ലും സപ്ലൈക്കോ കൊണ്ടുപോകാൻ തയാറായിട്ടില്ല. 2000 കിലോയോളം നെല്ല് സ്വകാര്യ സ്കൂൾ ഗ്രൗണ്ടിൽ കൂട്ടിയിട്ടിരിക്കുകയാണ്.
ഇതിനിടെ, വേനൽമഴയെ തുടർന്ന് പരൂർ കോൾപടവിൽ നെല്ല് നിലംപതിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയിലാണ് പടവിലെ മിക്ക ഭാഗങ്ങളിലും നെല്ല് വീണത്. കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ വീണ നെൽച്ചെടികൾ കിളിർക്കാൻ സാധ്യതയുമുണ്ട്.
പാടത്ത് കൊയ്ത്ത് ആരംഭിച്ചിട്ടുണ്ടെങ്കിലും മഴ പെയ്തു കൃഷിയിടങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നതു കാരണം കൊയ്ത്ത് ഭാഗികമായാണ് നടക്കുന്നത്. ഇതു കർഷകർക്ക് അധിക ബാധ്യത വരുത്തി വയ്ക്കും.