ചൂരക്കോട് ഭഗവതിയുടെ യാത്ര മൂന്നരമണിക്കൂർ വൈകി
1541626
Friday, April 11, 2025 1:38 AM IST
അന്തിക്കാട്: ആനയെ സമയത്ത് ലഭിക്കാത്തതിനാൽ ആറാട്ടുപുഴ പൂരത്തിനുപോകേണ്ട ചൂരക്കോട് ഭഗവതിയുടെ യാത്ര മൂന്നരമണിക്കൂറോളം വൈകി. കൊച്ചിൻ ദേവസ്വംബോർഡാണ് ആനയെ എത്തിച്ചു നൽകേണ്ടത്.
എന്നാൽ ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ സമീപനം മൂലമാണ് ആനയെ സമയത്ത് ലഭിക്കാഞ്ഞത്. ആറാട്ടുപുഴയിൽ നടക്കുന്ന രാത്രിപൂരത്തിനായി ചൂരക്കോട് ഭഗവതി ആനപ്പുറത്തേറി പരിവാരങ്ങളോടെയാണ് എഴുന്നള്ളേണ്ടത്. അന്തിക്കാട് ഭഗവതിയും ചൂരക്കോട് ഭഗവതിയും ആറ് ആനകളുടെ അകമ്പടിയോടെ പൂരപ്പാടത്ത് അണിനിരക്കേണ്ടതാണ്.
ആന എത്താൻ വൈകിയതോടെ ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും വിഷമത്തിലായി. ഒരു ഭാഗത്ത് ദേവസ്വംബോർഡിനെതിരെ പ്രതിഷേധം ഉയർന്നു. നിരവധി വിശ്വാസികൾ ക്ഷേത്രപരിസരത്ത് തടിച്ചുകൂടി. വിവരമറിഞ്ഞ് അന്തിക്കാട് എസ്ഐ സുബിന്തിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തു. കാത്തിരിപ്പിനൊടുവിൽ ഏഴേകാലിന് ശേഷമാണ് ആന എത്തിയത്. ചമയങ്ങൾ അണിഞ്ഞ് ക്ഷേത്രത്തിൽനിന്ന് ആറാട്ടുപുഴയിലേക്ക് ഇറങ്ങുമ്പോൾ സമയം എട്ടുകഴിഞ്ഞിരുന്നു.