20 വർഷം കഴിഞ്ഞു, വ്യവസായകേന്ദ്രം തുറന്നില്ല; കാടുപിടിച്ച് നശിക്കുന്നു
1541625
Friday, April 11, 2025 1:38 AM IST
പുന്നയൂർക്കുളം: ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പുന്നയൂർക്കുളം പഞ്ചായത്തിലെ പെരിയമ്പലത്ത് നിർമിച്ച വനിത വ്യവസായകേന്ദ്രം രണ്ടുപതിറ്റാണ്ട് പിന്നിട്ടിട്ടും തുറക്കാനായില്ല.
അധികൃതരുടെ അനാസ്ഥയും മാറി, മാറിവരുന്ന ഭരണസമിതികളുടെ പിടിപ്പുകേടുമാണ് വനിത വ്യവസായകേന്ദ്രം നശിക്കാൻ കാരണമെന്ന് നാട്ടുകാർ. പുന്നയൂർക്കുളം പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ബജറ്റുകൾ പലതും അവതരിപ്പിച്ചുവെങ്കിലും വ്യവസായകേന്ദ്രം തുറക്കാൻ മാത്രം നടപടിയില്ല. 20 വർഷം പിന്നിട്ടിട്ടും നാളിതുവരെ ഒരു സംരംഭംപോലും തുടങ്ങാനായില്ല. ബ്ലോക്കിനുകീഴിലെ കുടുംബശ്രീ അംഗങ്ങൾക്കും പട്ടികജാതിവിഭാഗത്തിൽപ്പെട്ട വനിതകൾക്കും തൊഴിലും അനുബന്ധപരിശലനവും നൽകുന്ന കേന്ദ്രമായി ഉപയോഗിക്കുന്നതിനാണ് കെട്ടിടംപണിതത്.
ഒന്നാംനിലയിൽ തൊഴിൽപരിശീലന കേന്ദ്രവും രണ്ടാംനിലയിൽ കോൺഫറൻസ് ഹാളുമായിരുന്നു പദ്ധതിയിലുണ്ടായിരുന്നത്.
വൈദ്യുതീകരണ ജോലികൾ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. കെട്ടിടത്തിലെ മര ഉരുപ്പടികൾ ചിതലെടുത്തു. അധികൃതർ അടിയന്തരനടപടി എടുത്തില്ലെങ്കിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വനിത വ്യവസായകേന്ദ്രം പൂർണമായും നശിക്കും.