ശുചിത്വസാഗരം സുന്ദരതീരം പദ്ധതി രണ്ടാംഘട്ടം ഉദ്ഘാടനം നാളെ
1541336
Thursday, April 10, 2025 1:48 AM IST
കയ്പമംഗലം: സംസ്ഥാനസർക്കാർ ആവിഷ്കരിച്ച ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ രണ്ടാംഘട്ട പ്ലാസ്റ്റിക് നിർമാർജനയജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ നടക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എംഎൽഎ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ ഏഴുമുതൽ 11 വരെ അഴീക്കോടുമുതൽ ചാവക്കാടുവരെ 54 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്തെ തെരഞ്ഞെടുത്ത 51 ആക്ഷൻ പോയിന്റുകളിലാണ് പ്ലാസ്റ്റിക് നിർമാർജനയജ്ഞം സംഘടിപ്പിക്കുന്നത്. മതിലകം പൊക്ലായി ബീച്ചിൽ നാളെ രാവിലെ ഏഴിന് ഇ.ടി. ടൈസൺ എംഎൽഎ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ കളക്ടറും പദ്ധതിയുടെ കോ- ചെയർമാനുമായ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി സംബന്ധിക്കും. ജില്ലയിലെ മറ്റു കേന്ദ്രങ്ങളിൽ അതതു പഞ്ചായത്ത് പ്രതിനിധികൾ നേതൃത്വം നൽകും.
മത്സ്യത്തൊഴിലാളികൾ, ബോട്ടുടമകൾ, സന്നദ്ധസംഘടനകൾ, സാംസ്കാരികപ്രവർത്തകർ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങി ബഹുജനപങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, വൈസ് പ്രസിഡന്റ് ടി.എസ്. രാജു, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇൻ ചാർജ് പി.ഡി. ലിസി, അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി.ഡയറക്ടർ ഡോ.സി. സീമ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.