വിഷുവിപണി കീഴടക്കാൻ കുടുംബശ്രീ: കണിവെള്ളരി, 101 വിപണനമേളകൾ
1541333
Thursday, April 10, 2025 1:48 AM IST
തൃശൂർ: കാർഷികസമൃദ്ധിയുടെ ഉത്സവമായ വിഷുവിനു കണിവെള്ളരിയും വിപണനമേളകളുടെ ശൃംഖലയുമൊരുക്കി കുടുംബശ്രീ. ജില്ലയിലുടനീളം 101 വിഷുവിപണന മേളകളാണ് കുടുംബശ്രീ ഇത്തവണ സംഘടിപ്പിക്കുന്നത്. 62.65 ഏക്കറിൽ വിളഞ്ഞ കണിവെള്ളരിയും വിളവെടുപ്പിനു തയാറാണ്.
കുടുംബശ്രീയുടെ കാർഷിക ഉത്പന്നങ്ങളും മറ്റു സൂക്ഷ്മസംരംഭ യൂണിറ്റ് ഉത്പന്നങ്ങളും ഭക്ഷ്യവിഭവങ്ങളും ഉൾപ്പെടുത്തിയാണ് കുടുംബശ്രീ വിഷുവിപണനമേളകൾ സംഘടിപ്പിക്കുന്നത്. 86 ഗ്രാമീണ സിഡിഎസുകൾ, 14 നഗര സിഡിഎസുകൾ എന്നിവിടങ്ങളിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെയാണു മേളകൾ സംഘടിപ്പിക്കുക.
വിഷുവിപണനമേളയുടെ ജില്ലാതല വിപണനമേളയ്ക്കു കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമായി. സബ് കളക്ടർ അഖിൽ വി. മേനോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഡോ. യു. സലിൽ അധ്യക്ഷത വഹിച്ചു.
വിവിധതരം അച്ചാറുകൾ, മില്ലറ്റുകൾ, പലഹാരങ്ങൾ, കുടുംബശ്രീ ബ്രാൻഡഡ് ഉത്പന്നങ്ങൾ, നറുനീണ്ടി പാഷൻഫ്രൂട്ട്, നെല്ലിക്ക കാന്താരി സിറപ്പുകൾ, സാമ്പാർ പൊടികൾ, വിവിധതരം ചമ്മന്തിപ്പൊടികൾ, ഇൻസ്റ്റന്റ് വിഷുക്കട്ട, ഹോം മെയ്ഡ് സൗന്ദര്യവർധകവസ്തുക്കൾ, ഹാൻഡ്മെയ്ഡ് ആഭരണങ്ങൾ, കുത്താമ്പുള്ളി ഹാൻഡ്ലൂംസ്, കൊതുകുനാശിനികൾ തുടങ്ങിയവയാണ് വില്പനയിലുള്ളത്. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന വിപണനമേള 11 വരെ നടക്കും.
മതിലകം പഞ്ചായത്തിലെ പാപ്പിനോസ് ഫുഡ്കോർട്ടിനുസമീപം 11 മുതൽ 15 വരെ കഫേ കുടുംബശ്രീ ഭക്ഷ്യമേളയും സജ്ജമാക്കിയിട്ടുണ്ട്.
വിഷുവിപണനമേളകളിൽ ഭക്ഷ്യവിഭവങ്ങൾ, കരകൗശലവസ്തുക്കൾ, പലഹാരങ്ങൾ, ഓർഗാനിക് ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, ഹെർബൽ ഉത്പന്നങ്ങൾ, ജ്വല്ലറി പ്രോഡക്ടസ്, ഗാർമെന്റ്സ്, സോപ്പ് ആൻഡ് ടോയ്ലറ്റ് ഉത്പന്നങ്ങൾ എന്നിവ പ്രദർശനമേളയിൽ ഉണ്ടായിരിക്കും.
വിഷുവിനോടനുബന്ധിച്ചു ജില്ലാ മിഷന്റെ നേതൃത്വത്തിൽ ആറു ബ്ലോക്കുകളിൽ വിവിധ പഞ്ചായത്തുകളിലായി 131 വാർഡുകളിലാണ് കണിവെള്ളരി കൃഷിയിടങ്ങൾ സജീവമായുള്ളത്. 166 ജെഎൽജി ഗ്രൂപ്പുകളിലെ 671 വനിതാ കർഷകർ ചേർന്നാണു 62.65 ഏക്കറിൽ കണിവെള്ളരി കൃഷിയിറക്കിയത്. 150.36 ടൺ കണിവെള്ളരിക്കൃഷിയാണ് ഈ വർഷത്തെ ഉത്പാദനലക്ഷ്യം. ഇതിനോടകം വിളഞ്ഞ കണിവെള്ളരി ഇതരജില്ലകളിലെയും വിപണി കീഴടക്കിക്കഴിഞ്ഞു.