ജനസാഗരമൊഴുകി, ആറാട്ടുപുഴയിലേക്ക്
1541331
Thursday, April 10, 2025 1:48 AM IST
സ്വന്തം ലേഖകൻ
ആറാട്ടുപുഴ: ഇരുപത്തിനാലു ദേവീദേവന്മാർ പങ്കെടുത്ത ഭൂമിയിലെ ഏറ്റവും വലിയ ദേവമേളയെന്നു പേരുകേട്ട ആറാട്ടുപുഴ പൂരംകൊണ്ട് ജനസഹസ്രങ്ങൾ. ആചാരപ്പെരുമയും വാദ്യമേളക്കൊഴുപ്പും ഗജവീരക്കാഴ്ചകളും പൂരപ്രേമികളുടെ മനസുനിറച്ചു.
തൊട്ടിപ്പാൾ പകൽപ്പൂരത്തിൽ പങ്കെടുത്ത ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിൽ തിരിച്ചെത്തി നിത്യപൂജകൾ, ശ്രീഭൂതബലി എന്നിവയ്ക്കുശേഷം ഇന്നലെ സന്ധ്യയോടെ ദേവമേളയ്ക്കു സാക്ഷിയാകാനും ആതിഥേയത്വം വഹിക്കാനും പതിനഞ്ചു ഗജവീരന്മാരുടെ അകമ്പടിയോടെ മതിൽക്കെട്ടിനു പുറത്തേക്ക് എഴുന്നള്ളി. ഇക്കുറി പൂരത്തിനു പ്രഥമ മേളപ്രമാണിയായ പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നാദപ്രപഞ്ചമൊരുക്കി. മേളത്തിനുശേഷം ഏഴു ഗജവീരന്മാരുടെ അകമ്പടിയോടെ ശാസ്താവ് ഏഴുകണ്ടംവരെ പോകുകയും തേവർ കൈതവളപ്പിൽ എത്തിയിട്ടുണ്ടോ എന്ന് ആരായുകയും ചെയ്തു.
മടക്കയാത്രയിൽ ശാസ്താവ് നിലപാടുതറയിൽ ഏവർക്കും ആതിഥ്യമരുളിനിന്നു. ചാത്തക്കുടം ശാസ്താവിന്റെ പൂരത്തിനുശേഷം എടക്കുന്നി ഭഗവതിയുടെ സാന്നിധ്യത്തിൽ ചാത്തക്കുടം ശാസ്താവിനെ നിലപാടുനിൽക്കാൻ ചുമതലയേൽപ്പിച്ച് ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്കെഴുന്നള്ളി.
ശാസ്താവ് നിലപാടുതറയിലെത്തിയതോടെ ദേവീദേവന്മാരുടെ പൂരങ്ങൾക്കു തുടക്കമായി. തേവർ കൈതവളപ്പിലെത്തുന്നതുവരെ വിശാലമായ പാടത്ത് എഴുന്നള്ളിപ്പുകൾ തുടർന്നു.
തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ എഴുന്നള്ളിപ്പാണ് ആദ്യം നടന്നത്. പൂനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ച് ആനകളുടെയും പഞ്ചാരിമേളത്തിന്റെയും അകമ്പടിയോടെയാണ് എഴുന്നള്ളിയെത്തിയത്.
തുടർന്ന് എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ് മറുഭാഗത്ത് ആരംഭിച്ചു. അന്തിക്കാട് ചൂരക്കോട് ഭഗവതിമാരും എഴുന്നള്ളിപ്പ് നടത്തി. ദേവമേളയ്ക്ക് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർ കൈതവളപ്പിൽ എത്തുകയും ചെയ്തു.
ഇന്നു വെളുപ്പിനാണ് ദൃശ്യവിസ്മയമൊരുക്കുന്ന പ്രശസ്തമായ കൂട്ടിയെഴുന്നള്ളിപ്പ്.