വാട്ടർ ടാങ്കും വലയും വിതരണം ചെയ്തു
1541327
Thursday, April 10, 2025 1:48 AM IST
ചെന്ത്രാപ്പിന്നി: എടത്തിരുത്തി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി വാട്ടർ ടാങ്കും മത്സ്യബന്ധന വലയും അനുബന്ധ ഉപകരണങ്ങളും വിതരണംചെയ്തു.
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ദുരന്തനിവാരണ ഉപകരണങ്ങൾ എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു, ചെന്ത്രാപ്പിന്നി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്് ദിവാകരൻ കൊച്ചിക്കാട്ടിനു കൈ മാറി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, പഞ്ചായത്തംഗങ്ങളായ ഷിനി സതീഷ്, പി.എ. ഷെമീർ, സിനിത വത്സൻ, സാഗർമിത്ര നീതു സിജീഷ് തുടങ്ങിയവർ പങ്കെടുത്തു.
60,000 രൂപ വകയിരുത്തി 15 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണു വാട്ടർ ടാങ്ക് വിതരണം ചെയ്തത്. മത്സ്യബന്ധ വല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൂന്നു മത്സ്യത്തൊഴിലാളികൾക്ക് 60,000 രൂപ ചെലവഴിച്ച് വല നൽകിയത്. കൂടാതെ തീരസുരക്ഷയുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ ഉപകാരണങ്ങൾ വാങ്ങുന്നതിനായി 75,000 രൂപയാണ് വിനിയോഗിച്ചത്.