കണിവെള്ളരിയില്‍ വിജയംകൊയ്ത് താളൂപ്പാടത്തെ രാജനും കുടുംബവും
1541326
Thursday, April 10, 2025 1:48 AM IST
മറ്റത്തൂര്‍: മേടപ്പുലരിയില്‍ വിഷുക്കണിയൊരുക്കാന്‍ പൊന്നിന്‍നിറമുള്ള വെള്ളരിക്കായ്കള്‍ വിളയിച്ചെടുത്തിരിക്കുകയാണ് മറ്റത്തൂരിലെ താളൂപ്പാടം സ്വദേശി രാജന് പനങ്കൂട്ടത്തിലും കുടുംബവും. വാഴ, വിവിധയിനം പച്ചക്കറികള്‍ എന്നിവയിലെന്നപോലെ കണിവെള്ളരികൃഷിയിലും വിജയഗാഥ രചിക്കുകയാണ് മലയോരത്തെ അറിയപ്പെടുന്ന കര്‍ഷകരിലൊരാളായ രാജന്.
മൂന്നുമുറിക്കടുത്തുള്ള ചെട്ടിച്ചാല്‍ പാടത്ത് സ്വന്തമായുള്ള മൂന്നേക്കറിലാണ് രാജന് കണിവെള്ളരി കൃഷി ചെയ്തിരിക്കുന്നത്. ആണ്ടില്‍ രണ്ടുവട്ടം നെല്‍കഷി ഇറക്കുന്ന പാടത്ത് വേനല്‍ക്കാല വിളയായാണ് വെള്ളരികൃഷി ചെയ്തത്. ഫെബ്രുവരിയില്‍ മുണ്ടകന്‍ കൊയ്തെടുത്ത് ഏറെ വൈകാതെ തന്നെ വെള്ളരി കൃഷിക്ക് നിലമൊരുക്കി വിത്തിട്ടു. മികച്ച വിളവുതരുന്ന മഞ്ചേരി ഇനത്തിലുള്ള വെള്ളരിയാണ് കൃഷിചെയ്തത്. കോഴിക്കാഷ്ഠമടക്കമുളള ജൈവവളങ്ങളാണ് പ്രധാനമായും വെള്ളരിച്ചെടികള്ക്കു നല്‍കിയത്. രാജനോടൊപ്പം ഭാര്യ ഷീജയും കൃഷിപ്പണികളില്‍ സജീവമാണ്. വിദ്യാര്‍ഥികളായ അക്ഷയും അഭിജിത്തും അവധിദിവസങ്ങളില്‍ മാതാപിതാക്കളെ കൃഷിപ്പണികളില്‍ സഹായിക്കാനായി ഒപ്പം ചേർന്നു.
ഫെബ്രുവരി പത്തിന് വിത്തിട്ട് ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് ഏപ്രില്‍ പകുതി യോടെ പൂര്‍ത്തിയാകും. ആകര്‍ഷകമായ നിറത്തിലും ആകൃതിയിലുമുള്ള മഞ്ചേരി വെള്ളരി വിപണിയില്‍ നല്ല ഡിമാന്‍ഡുള്ളവയാണ്. കേരള പഴം പച്ചക്കറി പ്രമോഷന് കൗണ്‍സിലിനു കീഴില്‍ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ സ്വാശ്രയ ചന്ത മുഖേനയാണ് രാജന് വിളയിച്ച കണിവെള്ളരി വിറ്റഴിക്കുന്നത്. ഹോര്‍ട്ടികോര്‍പ്പിന്റെ വാഹനം എത്തി ആലപ്പുഴ ജില്ലയിലേക്കാണ് ഇവിടത്തെ കണിവെള്ളരി കായ്കള്‍ വില്പനയ്ക്കായി കൊണ്ടുപോകുന്നത്.കൊടുംചൂടിനെ വകവെക്കാതെയുള്ള അധ്വാനത്തിലൂടെ മികച്ച ഉത്പാദനം കൈവരിക്കാന്‍ ഇത്തവണ രാജന് കഴിഞ്ഞിട്ടുണ്ട്. വേനല്‍മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും അത് ഉത്പാദനത്തെ കാര്യമായി ബാധിച്ചില്ലെന്ന് രാജന് പറയുന്നു.
കഴിഞ്ഞ വര്‍ഷം വിഷു സീസണില്‍ കിലോഗ്രാമിന് 18 രൂപ നിരക്കിലാണ് രാജൻ കണിവെള്ളരി വിറ്റത്. ഈ വര്‍ഷം വില വര്ധിച്ചിട്ടുള്ളതിന്റെ ആഹ്ലാദവും രാജന് പങ്കുവെക്കുന്നു. കിലോഗ്രാമിന് 20 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 12 ടണ്‍
ഉത്പാദനമാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്.