4.75 കോടിയുടെ മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതികള്‍ക്കു നഗരസഭാ അംഗീകാരം
1541325
Thursday, April 10, 2025 1:48 AM IST
ഇരിങ്ങാലക്കുട: നാലേമുക്കാല്‍ കോടി രൂപയുടെ മെയിന്റനന്‍സ് ഗ്രാന്റ് (റോഡ്)പദ്ധതികള്‍ക്കു നഗരസഭ യോഗത്തിന്റെ അംഗീകാരം. ഇതുകൂടി ഉള്‍പ്പെടുത്തിയുള്ള 2025 - 26 വര്‍ഷത്തെ അന്തിമ വാര്‍ഷികപദ്ധതി യോഗം അംഗീകരിച്ചു.
കെഎസ്ടിപി യുടെ റോഡ് നിര്‍മാണത്തെത്തുടര്‍ന്ന് താറുമാറായ കുടിവെള്ള പ്രശ്നം യോഗത്തില്‍ വീണ്ടും ഉയര്‍ന്നു. തൃശൂര്‍ - കൊടുങ്ങല്ലൂര്‍ റോഡിലെ നിര്‍മാണ പ്രവൃത്തികളെ തുടര്‍ന്ന് പൈപ്പുകള്‍ പൊട്ടി ശുദ്ധജല വിതരണം തടസപ്പെട്ട ഭാഗങ്ങളിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് കെഎസ്ടിപിയും ജല അഥോറിറ്റിയും ഒരുമാസം മുന്‍പ് ഉറപ്പ് നല്‍കിയിരുന്നു.
പൈപ്പ് ലൈന്‍ നിര്‍മാണം പൂര്‍ത്തിയാ യെന്ന് കെഎസ്ടിപി അറിയിച്ചതിനെതുടര്‍ന്ന് ജല അഥോറിറ്റി വെള്ളം തുറന്നുവിട്ടെങ്കിലും പലസ്ഥലങ്ങളിലും വീണ്ടും പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്.
വാര്‍ഡില്‍ കുടിവെള്ളം എത്തിക്കാന്‍ നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. പുത്തന്‍തോട് മുതൽ മാപ്രാണം വരെയുള്ള നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുമുമ്പ് കരുവന്നൂര്‍ വലിയപാലം പരിസരത്ത് റോഡ് പൊളിച്ച് തുടങ്ങിയതായി ടി.കെ. ഷാജു ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് കെഎസ്ടിപിയുടെ അടിയന്തരയോഗം വിളിക്കണമെന്ന് ഭരണകക്ഷി അംഗം എം.ആര്. ഷാജു ആവശ്യപ്പെട്ടു. കെഎസ്ടിപി ഒരു നിര്‍മാണ പ്രവൃത്തിയും സമയബന്ധിതമായി ചെയ്യുന്നില്ലെന്നും റോഡ് പുതിയതായി പൊളിക്കുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും വരള്‍ച്ചാ ഫണ്ട് ഉപയോഗിച്ച് മിതമായ രീതിയില്‍ വാര്‍ഡുകളില്‍ വെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്നും ചെയര്‍പേഴ്സണ്‍ മറുപടിയില്‍ അറിയിച്ചു.
നിലവിലെ ശുദ്ധജലക്ഷാമത്തിന് കാരണക്കാര്‍ കെഎസ്ടിപി ആണെന്നും ജലവിതരണം തടസപ്പെട്ട മേഖലകളില്‍ വരള്‍ച്ചയുമായി ബന്ധപ്പെട്ട്് പദ്ധതിയില്‍ ശുദ്ധജല വിതരണം നടത്താനുള്ള നടപടി നഗരസഭ സ്വീകരിച്ചുവരുന്നതായും ചെയര്‍പേഴ്സൺ മേരിക്കുട്ടി ജോയ് പറഞ്ഞു.
മാലിന്യമുക്തനവകേരളം പദ്ധതിയില്‍ ശുചിത്വമിഷന്റെ പുരസ്കാരങ്ങള്‍ നേടിയ ആരോഗ്യവിഭാഗത്തിനെയും നികുതി പിരിവില്‍ നൂറുശതമാനം നേട്ടം കൈവരിച്ച പതിനേഴ്, ആറ് വാര്‍ഡ് പ്രതിനിധികളായ ചെയര്‍പേഴ്സണെയും വൈസ്ചെയര്‍മാന്‍ ബൈജു കുറ്റിക്കാടനെയും യോഗം അഭിനന്ദിച്ചു. ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.