മന്ത്രിയുടെ ഒത്താശയോടെ കോടികളുടെ തട്ടിപ്പെന്ന് പ്രതിപക്ഷം
1541323
Thursday, April 10, 2025 1:48 AM IST
വടക്കാഞ്ചേരി: നഗരസഭ 16-ാം ഡിവിഷൻ അകമല - പട്ടാണിക്കാട് ജനവാസ മേഖലയിൽ ലൈസൻസോ മറ്റ് അനുമതികളോ ഇല്ലാതെ കഴിഞ്ഞ എട്ടുമാസമായി പ്രവർത്തിക്കുന്ന അനധികൃത നായ വളർത്തൽ കേന്ദ്രം അടച്ചുപൂട്ടണമെന്ന് നഗരസഭ പാർലമെന്ററി പാർട്ടി നേതൃത്വം ആവശ്യപ്പെട്ടു.
വലിയ തുക വാങ്ങി സ്വകാര്യ ഉടമകളുടെ നായ്ക്കളെ ഇവിടെ സംരക്ഷിക്കുകയും, മൃഗസംരക്ഷണത്തിനുള്ള കേന്ദ്ര സർക്കാർ ഗ്രാൻഡ് തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം നായ വളർത്ത് കേന്ദ്രത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മൂന്ന് കൂട്ടിലായി തിങ്ങിനിറച്ചാണ് നായ്ക്കളെ പാർപ്പിച്ചിരിക്കുന്നതെന്നും, ഇത് കാരണം അവ പരസ്പരം കടിച്ച് മരിക്കുന്നുണ്ടെന്നും അജിത് കുമാർ ആരോപിച്ചു.
കൂടാതെ കൂട് തകർത്ത് പുറത്ത് ചാടുന്ന നായ്ക്കൾ സമീപ പ്രദേശങ്ങളിലെ വീടുകളിൽ ഭീതി സൃഷ്ടിക്കുന്നുണ്ട്.
ഈ വിഷയം അടിയന്തിരമായി വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡിസിസി സെക്രട്ടറി പി.ജെ. രാജു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് ബിജു ഇസ്മായിൽ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്് ബുഷറ റഷീദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ശശിമംഗലം, ബാബുരാജ് കണ്ടേരി, വിനോദ് തുംപറമ്പിൽ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.
അടിയന്തരമായി നായ സംരക്ഷണ കേന്ദ്രം അടച്ചുപൂട്ടാൻ നഗരസഭ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.