സർവീസ് റോഡിന്റെ നിർമാണം നാളെ ആരംഭിക്കും
1541321
Thursday, April 10, 2025 1:48 AM IST
വാടാനപ്പിള്ളി: ദേശീയപാത നിർമിച്ചപ്പോൾ വഴി ഇല്ലാതായതിനെതുടർന്ന് ദേശീയപാത നിർമാണ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ച നാട്ടുകാരുടെ പ്രതിഷേധസമരം ഫലം കണ്ടു. വാടാനപ്പിള്ളി പഞ്ചായത്തിലെ ഉപ്പ്പടന്ന പ്രദേശത്തെ ജനങ്ങളാണ് സർവീസ് റോഡ് വേണമെന്ന ആവശ്യവുമായി ദേശീയപാത നിർമാണ കമ്പനിയുടെ പ്ലാന്റ് ഉപരോധിച്ചത്.
ഈ ആവശ്യവുമായി കഴിഞ്ഞ ആറുദിവസമായി അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു ഇടപെടലുമില്ലാത്തതിനെ തുടർന്നാണ് പ്ലാന്റ് ഉപരോധ സമരത്തിലേക്ക് നീങ്ങിയത്. 160 മീറ്റർ സർവീസ് റോഡാണ് ഇവരുടെ ആവശ്യം.
80 ൽപരം വീട്ടുകാരാണു ദേശീയ പാതനിർമാണം പൂർത്തിയാകുന്നതോടെ പുറത്തേയ്ക്ക് പോകാൻ പറ്റാത്തവിധം ദുരിതത്തിൽ ആവുക. സർവീസ് റോഡുമായി ബന്ധപ്പെട്ട് പഞ്ചായത്തും എംഎൽഎയും ഉറപ്പുകൾ കൊടുത്തിരുന്നുവെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്നും തൃശൂർ എംപി റോഡ് നിർമാണത്തിനായി ഫണ്ട് തരാമെന്ന് പറഞ്ഞെങ്കിലും പഞ്ചായത്ത് തടസം നിൽക്കുന്നുവെന്നും ഇവർ ആരോപിച്ചിരുന്നു. തുടർന്നാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രദേശവാസികൾ സമരം ആരംഭിച്ചത്.
ആറു ദിവസം പിന്നിട്ട സമരം ബുധനാഴ്ച ഉപരോധ സമരത്തിലേക്ക് മാറിയതോടെ നിർമാണ കമ്പനി ഉദ്യോഗസ്ഥരും എൻഎച്ച്എ അധിക്യതരും സമരക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് നാട്ടുകാർ ഉപരോധ സമരം പിൻവലിച്ചത്. ഇവർക്ക് ദേശീയ പാതയിലേക്കുള്ള പ്രവേശനവും സർവീസ് റോഡും അനുമതി ആയിട്ടുണ്ടെന്ന് അധികൃതർ നേരിട്ടെത്തി സമരക്കാരെ അറിയിക്കുകയായിരുന്നു.
സർവീസ് റോഡിന്റെ നിർമാണം നാളെമുതൽ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചതായി സമരക്കാർ പറഞ്ഞു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗവും സമരസമിതി ചെയർമാനുമായ കെ.എസ്. ധനീഷ്, സമരസമിതി കൺവീനർ മഹേഷ്, കമ്മിറ്റി അംഗം കെ.ആർ. അഖിൽ ദാസ്, ബിനീഷ്, സന്തോഷ് പണിക്കശേരി, പി. ദിവിൻ ദാസ്, ജയേഷ് മാധവൻ, എൻ.എസ്. നിശാഖ്, ഷൈന സജീവ് കുമാർ, രഹ്ന കണ്ണൻ, സുനിൽകുമാർ, ശോഭന പ്രസാദ്, ഷാലി സുധീർ, സുശീല സുരേന്ദ്രൻ, എൻ.പി. വിഷ്ണു എന്നിവർ നേതൃത്വം നൽകി.