തൊട്ടിപ്പാള്‍ പൂരം ആഘോഷിച്ചു
1541320
Thursday, April 10, 2025 1:48 AM IST
തൊട്ടിപ്പാള്‍: ആറാട്ടുപുഴ ദേവസംഗമത്തിലെ മുഖ്യപങ്കാളി തൊട്ടിപ്പാള്‍ ഭഗവതിയുടെ പകല്‍പൂരം ആഘോഷിച്ചു.
രാവിലെ പാണികൊട്ടി ദേവിയെ പുറത്തേക്കെഴുന്നള്ളിച്ചു. മൂന്ന് ആനകള്‍ അകമ്പടിയായി. പുറത്തേക്കെഴുന്നള്ളിയ ഭഗവതി കുളക്കരയില്‍ ശ്രീമൂലസ്ഥാനം ദര്‍ശിച്ച് തെക്കോട്ട് തിരിഞ്ഞ് നിന്ന ശേഷം പഞ്ചവാദ്യം തുടങ്ങി. തുടര്‍ന്ന് ക്ഷേത്രനടയില്‍ ഏഴ് ആനകളോടുകൂടി പന്തലില്‍ എത്തിയ ശേഷം പഞ്ചവാദ്യം കലാശിച്ചു.
തുടര്‍ന്ന് പാണ്ടികൊട്ടി കിഴക്ക് ആല്‍ത്തറയ്ക്കല്‍ ക്ഷേത്രത്തിന് അഭിമുഖമായി എഴുന്നള്ളിപ്പ്. കേളി, കുഴല്‍പ്പറ്റ്, കൊമ്പുപ്പറ്റ് എന്നിവക്ക് ശേഷം പഞ്ചാരിമേളം. പെരുവനം സതീശന് മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളത്തിന് 120-ല്‍ പരം കലാകാരന്മാര് അണിനിരന്നു. തുടര്‍ന്ന് നടപന്തലില്‍ എഴുന്നള്ളിപ്പ്. ചെമ്പട കൊട്ടി മതില്‍ക്കകത്ത് പ്രവേശിച്ച ശേഷം അകത്തേക്ക് എഴുന്നള്ളിപ്പ്. പറയെടുപ്പ് കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഭഗവതി രാത്രി 8.30ന് ആറാട്ടുപുഴ പൂരത്തിന് പുറപ്പെട്ടു.
കതിന നിറയ്ക്കുന്നതിനിടെ
മൂന്നുപേർക്കു പൊള്ളലേറ്റു
പുതുക്കാട്: തൊട്ടിപ്പാൾ പൂരത്തിന് കതിന നിറയ്ക്കുന്നതിനിടെ തീ പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. തലോർ സ്വദേശികളായ കൊല്ലേരി വീട്ടിൽ കണ്ണൻ, വാരിയത്തുപറമ്പിൽ മോഹനൻ, കൊല്ലേരി നന്ദനൻ എന്നിവർക്കാണ് പൊള്ളലേറ്റത്. കണ്ണനാണ് ഗുരുതരമായി പൊള്ളലേറ്റത്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.ആറാട്ടുപുഴ പൂരത്തിന്റെ മുഖ്യപങ്കാളിയായ തൊട്ടിപ്പാൾ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽപൂരം നടക്കുന്നതിനിടെയാണ് തീ പടർന്നത്.
പുതുക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.