നഗരസഭ ഓഡിറ്റ് റിപ്പോര്‍ട്ട്; ന്യൂനതകളില്‍ പ്രതിഷേധവും വിമര്‍ശനവുമായി പ്രതിപക്ഷം
1540975
Wednesday, April 9, 2025 1:10 AM IST
ഇരിങ്ങാലക്കുട: നഗരസഭയുടെ 2021 - 22, 2022 -23 വര്‍ഷങ്ങളിലെ ഓഡിറ്റ് റിപ്പോര്‍ട്ടിനുള്ള മറുപടികള്‍ ന്യൂനതകളുടെ ആവര്‍ത്തനമാണെന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 2010 ല്‍ നഗരസഭയോട് കൂട്ടിച്ചേര്‍ക്കപ്പെട്ട പെറത്തിശേരി പ്രദേശത്തെ പാടശേഖരവുമായി ബന്ധപ്പെട്ട തോടുകളടക്കമുള്ളവ ആസ്തി രജിസ്റ്ററില്‍ ഇല്ല.
ആസ്തി രജിസ്റ്റര്‍ സമ്പൂര്‍ണമാക്കണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആര്. വിജയ പറഞ്ഞു. പദ്ധതി വിഹിതം ചെലവഴിച്ച് നഗരസഭ നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ അടഞ്ഞു കിടക്കുന്നത് ഏറെ ഗൗരവമുള്ളതാണ്. കെട്ടിടങ്ങള്‍ തനതുവരുമാനം വര്‍ധിപ്പിക്കുന്നതിനായുള്ള സ്രോതസ് ആണ്. ലേലത്തില്‍ പോകാതെ കിടക്കുന്ന കടമുറികള്‍ നഗരസഭയ്ക്ക് സാമ്പത്തികനഷ്ടം തന്നെയാണ്. അതിനാല്‍ ലേലനടപടികള്‍ ലളിതമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളുടെ നികുതി നിശ്ചയിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ടെന്നും ഏതെല്ലാമാണ് അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളെന്നു വ്യക്തമാക്കണമെന്നും ബിജെപി കൗണ്‍സിലര്‍ ടി.കെ ഷാജു ആവശ്യപ്പെട്ടു. ടവറുകളുടെ വസ്തു നികുതി നിര്‍ണയം സുതാര്യമാക്കണം. മരിച്ചവരുടെ അക്കൗണ്ടിലേക്ക് ക്ഷേമ പെന്ഷന് വന്നത് അന്വേഷിക്കണം. ആ തുക തിരിച്ചടയ്ക്കുവാന്‍ നടപടി സ്വീകരിക്കണം. സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധനയ്ക്ക് ഹാജരാക്കിയില്ലെന്നതുള്ളത് ഏറെ ഗൗരവമുള്ളതാണ്. ഡെപ്പോസിറ്റ് രജിസ്റ്റര്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നില്ല. ഇത്തരം രജിസ്റ്ററുകള്‍ സൂക്ഷിക്കാത്തതിന് വകുപ്പുതല നടപടികള്‍ സ്വീകരിക്കണം. ഈവനിംഗ് മാര്‍ക്കറ്റിലെ കടകളുടെ വാടകപ്പിരിവിന്റെ രസീത് ബുക്കിന്റെ അപാകതകയില് ജീവനക്കാരനെതിരെ നടപടി വേണം.
പണിപൂര്‍ത്തീകരിക്കാതെ കിടക്കുന്ന പദ്ധതികളില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. ഇവയുടെ പണികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. മഴക്കാല പൂര്‍വശുചീകരണവുമായി ബന്ധപ്പെട്ട് കരാറുകാരന് അധികതുക നല്‍കിയത് വ്യക്തമാക്കണം. പൊറത്തിശേരി പാറപ്പുറം സാംസ്കാരികനിലയം അഞ്ചുവര്‍ഷമായി പൂര്‍ത്തിയായിട്ടില്ല. ഇത്തരം കരാറുകാരെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും ടി.കെ. ഷാജു ആവശ്യപ്പെട്ടു.
കിണര്‍ റീചാര്ജിംഗുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് കൃത്യമായി പഠനം നടത്തി പ്രതിപക്ഷ കൗണ്‍സിലര്‍ പ്രവീണ്‍ ഉള്‍പ്പടെയുള്ളവര്‍ നിരവധി തവണ എതിർപ്പുകള്‍ പ്രകടിപ്പിച്ചിട്ടും അംഗീകാരമില്ലാത്ത മഴപ്പൊലിമ ഏജന്‍സിക്കു പദ്ധതി നല്‍കിയത് സര്‍ക്കാര്‍ ഉത്തരവിനു വിരുദ്ധമായ നിര്‍വഹണ നടപടിയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്നത് ഗുരുതര വീഴ്ചയാണെന്ന് കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, സി.സി. ഷിബിന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
മഴപ്പൊലിമയുമായി ബന്ധപ്പെട്ട് ശരിയായ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച കൗണ്‍സിലറെ അഴിമതിക്കാരനാക്കാന്‍ ഭരണപക്ഷം ശ്രമിക്കുകയും അതേ കൗണ്‍സിലര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന നിലയില്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വന്നതായും സി.സി. ഷിബിന്‍ പറഞ്ഞു. തിരുത്തലിന്റെ ഭാഗമായി എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടങ്കില് അത് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ച് സര്‍ക്കാരിന് കൈമാറുമെന്നും തുടര്‍ അന്വേഷണം നടത്തുമെന്നും സെക്രട്ടറി എം.എച്ച്. ഷാജിക് അറിയിച്ചു. ഈവനിംഗ് മാര്‍ക്കറ്റിലെ പിരിവ് രസീത് ബുക്കിലെ അപാകത പരിഹരിച്ചതായി സെക്രട്ടറി അറിയിച്ചു.
രസീതിലെ തുകയെല്ലാം നഗരസഭയുടെ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. മഴപ്പൊലിമ ഒരു സ്വകാര്യ ഏജന്‍സി അല്ലെന്നും കിണര്‍ റീ ചാര്‍ജിംഗ് സംവിധാനം പരിപോഷിപ്പിക്കുന്നതിനായി അന്നത്തെ ജില്ലാ കളക്ടര്‍ നടപ്പിലാക്കിയ പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.