ഗ്രാമീണറോഡുകളിലൂടെ വഴിതിരിച്ചുവിട്ടിട്ടും ഗതാഗതക്കുരുക്കിനു ശമനമില്ല
1540973
Wednesday, April 9, 2025 1:10 AM IST
കൊരട്ടി: ചിറങ്ങരയിലും മുരിങ്ങൂരിലും അടിപ്പാതനിർമാണത്തിന്റെ ഭാഗമായി പ്രധാനപാത കുത്തിപ്പൊളിച്ച് വാഹനങ്ങൾ ബദൽറോഡിലൂടെ കടത്തിവിട്ടതിനെതുടർന്ന് അടിക്കടിയുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായിട്ടില്ല.
ദീർഘദൂര യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ആശയക്കുഴപ്പം ഒഴിവാക്കാൻ സൂചനാ ബോർഡുകളും ദിശാബോർഡുകളുംവച്ച് ഗ്രാമീണ റോഡുകളിലൂടെയും പൊതുമരാമത്ത് റോഡുകളിലൂടെയും വഴിതിരിച്ചുവിടാൻ പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കിയെങ്കിലും രാവിലെയും വൈകീട്ടും പാതയിൽ തിരക്കൊഴിയുന്നില്ല.
മുരിങ്ങൂർ, ചിറങ്ങര ജംഗ്ഷനുകളിലാണു പ്രധാനമായും കുരുക്കു രൂപപ്പെടുന്നത്. ചിറങ്ങര അമ്പലക്കുളത്തിനു സമീപം നിർമാണത്തിനായി കുഴിയെടുത്തതുമൂലം നേർത്ത ഇടുങ്ങിയ വഴിയിലൂടെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. കൂടാതെ കാനയ്ക്ക് മുകളിലിട്ട സ്ലാബിനുമുകളിലൂ ടെ വാഹനങ്ങൾ കയറ്റാൻ ഡ്രൈവർമാർ ഭയപ്പെടുകയാണ്. കാന അടക്കമാണ് സർവീസ് റോഡ് എങ്കിലും തുടർച്ചയായി സ്ലാബുകൾ തകരുന്നതുമൂലം ഡ്രൈവർമാരും യാത്രക്കാരും ഭീതിയിലാണ്.