കാൻസർരോഗികൾക്കായി മുടിമുറിച്ചുനൽകി 45 പേർ
1540971
Wednesday, April 9, 2025 1:10 AM IST
കൊരട്ടി: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊരട്ടി യൂണിറ്റ് അമല കാൻസർ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഹെയർ ഡൊണേഷൻ ഡ്രൈവ് - 2025 ൽ മുടി മുറിച്ചുനൽകി മാതൃകയായത് 45 പേർ. "മുടിയിഴയിലെ ചിരിയഴക്' എന്ന പേരിൽ നടന്ന പരിപാടിയിൽ 30 സെന്റിമീറ്റർ നീളത്തിൽ മുടിനൽകാൻ സന്നദ്ധരായെത്തിയത് മൂന്നാം ക്ലാസ് വിദ്യാർഥി ആൻറോസ് ഡെന്നി മുതൽ വീട്ടമ്മമാർവരെ. കീമോതെറാപ്പിക്ക് വിധേയരാകുന്ന രോഗികൾക്ക് അവരുടെ മുടി കൊഴിയുന്നത് ഏറെ മനോവിഷമമുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഈ സദുദ്യമത്തിന്റെ പ്രേരകശക്തിയെന്ന് ഭാരവാഹികൾ പറഞ്ഞു.
അമല കാൻസർ സെന്റർവഴി കാൻസർ രോഗികൾക്കു സൗജന്യമായി വിഗ് തയാറാക്കി നൽകുന്നതിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണു മുടി ദാനംചെയ്തവർ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ്് ജോൺസൺ വർഗീസ് അധ്യക്ഷനായി. കൊരട്ടി ഫൊറോന പള്ളി വികാരി ഫാ. ജോൺസൺ കക്കാട്ട് മുഖ്യാതിഥിയായി. അമല മെഡിക്കൽ കോളജ് അസാോ സിയേറ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി സന്ദേശം നൽകി.
വാർഡ് മെമ്പർ ചാക്കപ്പൻ പോൾ, മേഖല ഭാരവാഹികളായ ജോസ് ഡേവിസ്, ഇന്ദു ഷൺമുഖൻ, ടോൾജി തോമസ്, ഇടവക ട്രസ്റ്റി ജൂലിയസ് വെളിയത്ത്, അസോസിയേഷൻ ഭാരവാഹികളായ ജോണി മേലേടത്ത്, പി.വി.ബാബു, സി.ജെ. സജീവ്, ബാബു തോമസ്, പി.എസ്. അഫ്സൽ എന്നിവർ പ്രസംഗിച്ചു.
ജോബി ജോസ്, ബാബു ഫ്രാൻസിസ്, സിജി ബാബു, ബിനു ശിവരാമൻ, അഭയ് ശർമ, ഷൈനി ബിജു, ജിത ആതിര എന്നിവർ നേതൃത്വം നൽകി.