വിടപറഞ്ഞത് ശബ്ദസംവിധാനരംഗത്തെ ലീഡർ
1540969
Wednesday, April 9, 2025 1:10 AM IST
കെ.ടി. വിൻസെന്റ്
ചാവക്കാട്: ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനങ്ങൾ തീർത്തും അപൂർവമായിരുന്ന കാലത്താണ് ആന്റോ ഗംഭീരശബ്ദം കേൾപ്പിച്ചുതുടങ്ങിയത്- 1961ൽ. ആന്റോ സൗണ്ട് പിന്നീടു സൃഷ്ടിച്ചതു ചരിത്രം. ലൈറ്റ്, സൗണ്ട്, 16 എംഎം സിനിമ, നാടകവേദികൾ എന്നിങ്ങനെ ആന്റോ ഒരു സാമ്രാജ്യംതീർത്തു. ഇതെല്ലാം കാഴ്ചക്കാർക്കു മുന്പെങ്ങുമില്ലാത്ത വിസ്മയങ്ങൾ സമ്മാനിക്കുകയും ചെയ്തു.
മൈക്ക് സെറ്റുമായി യാത്രതുടങ്ങുന്പോൾ ആന്റോയ്ക്ക് 17 വയസ്. പത്തു വർഷത്തിനുള്ളിൽ ലൈറ്റ് സംവിധാനങ്ങളിലേക്കും കടന്നു. പാവറട്ടി സെന്റ് ജോസഫ്സ് തീർഥകേന്ദ്രത്തിലാണ് ആദ്യമായി ദീപക്കാഴ്ചയൊരുക്കിയത്. പിന്നീടുള്ള വർഷങ്ങളിലെല്ലാം തിരുനാളിന്റെ ദീപാലങ്കാരം ആന്റോയുടെ വക. അദ്ദേഹം നൽകിയ സേവനങ്ങൾക്ക് കഴിഞ്ഞദിവസമാണ് പാവറട്ടി പള്ളി കമ്മിറ്റി ആദരമർപ്പിച്ചത്. ഗുരുവായൂർ ഉത്സവം, ഏകാദശി എന്നിവയ്ക്ക് പലതവണ ദീപക്കാഴ്ചയൊരുക്കി പുരസ്കാരങ്ങൾ നേടി.
ആധുനിക എൽഇഡി വാളുകൾ വ്യാപകമാവുന്നതിനുമുന്പ് സ്വയം കണ്ടുപിടിച്ച സംവിധാനങ്ങളുമായി അത്ഭുതകരമായ അലങ്കാരങ്ങൾ ആന്റോ ഒരുക്കാറുണ്ട്. പലപ്പോഴും വാർഷികാഘോഷങ്ങൾ, അമച്വർ നാടകങ്ങൾ, കലാമേളകൾ തുടങ്ങിയവ ആന്റോയുടെ ഒഴിവുനോക്കിയാണ് തീരുമാനിച്ചിരുന്നത്. പഴയകാല കല്യാണങ്ങൾക്ക് തെങ്ങിൽ കോളാന്പികെട്ടിയുള്ള പാട്ട് നിർബന്ധമായിരുന്നു. കല്യാണംതീരുന്നതുവരെ പാട്ട് നിർബന്ധം. ആന്റോ സൗണ്ടിന് ഒഴിവില്ലാത്തതിനാൽ കല്യാണതീയതിവരെ മാറ്റിയ ചരിത്രമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആന്റോ ദീപാലങ്കാരമൊരുക്കാത്ത ദേവാലയങ്ങൾ ജില്ലയിലില്ലെന്നും പറയാറുണ്ട്.
ആറുപതിറ്റാണ്ടിന്റെ ചരിത്രം ബാക്കിയാക്കിയാണ് ആന്റോ മടങ്ങുന്നത്. ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ ഏറ്റവും പുരാതന ഉപകരണങ്ങൾ മുതൽ ഏറ്റവും ആധുനികമായവ വരെയുള്ള ശേഖരം ആന്റോ സൂക്ഷിച്ചിരുന്നു. ഇവയുടെ പ്രദർശനങ്ങളും നടത്താറുണ്ട്. ഒപ്പം അരനൂറ്റാണ്ടുമുന്പു സ്വന്തമാക്കിയ തന്റെ പ്രിയപ്പെട്ട ഓസ്റ്റിൻ-10 കാറും.
ആന്റോയുടെ അഞ്ചുമക്കളും ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ സജീവമായി പ്രവർത്തിക്കുന്നു. അതുകൊണ്ടുതന്നെ ആന്റോ എന്ന പേര് ഇനിയും മുഴങ്ങും, തിളങ്ങും.