കൊയ്ത്തുകഴിഞ്ഞ് സംഭരിച്ച നെല്ല് ഏറ്റെടുക്കാതെ മില്ലുടമകൾ
1540965
Wednesday, April 9, 2025 1:10 AM IST
പാവറട്ടി: മുല്ലശേരി ഗ്രാമപഞ്ചായത്തിലെ പറപ്പാടം കോൾപടവിലെ നെൽകർഷകർ ദുരിതത്തിൽ. കൊയ്ത്തുകഴിഞ്ഞു സംഭരിച്ച നെല്ല് സപ്ലൈകോ നിയോഗിച്ച മില്ലുടമകൾ ഏറ്റെടുക്കാത്തതാണ് കർഷകർക്ക് ദുരിതമായത്.
മാർച്ച് 24ന് പടവിലെ നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായതാണ്. നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ നിയോഗിച്ച എട്ടോളംമില്ലുകൾ പടവിലെത്തിയെങ്കിലും വിവിധ കാരണങ്ങൾപറഞ്ഞു നെല്ലടുക്കാതെ മടങ്ങിപ്പോവുകയായിരുന്നുവെന്ന് പടവ് കമ്മിറ്റി പ്രസിഡന്റ് വി.ഡി. അനിൽകുമാർ പറഞ്ഞു. മുപ്പത്തിമൂന്ന് ഏക്കർ വിസ്തൃതിയുള്ള പറപ്പാടം കോൾപടവിൽ ഉമവിത്ത് ഉപയോഗിച്ചാണ് കർഷകർ കൃഷിചെയ്തത്.
സ്വർണം പണയംവച്ചും ബാങ്കിൽനിന്നു ലോണെടുത്തും കൃഷിയിറക്കിയവരാണ് പടവിലെ ഭൂരിഭാഗം കർഷകരും. നിലമൊരുക്കി കൃഷിയിറക്കുന്നതിനും വളവും കീടനാശിനികളും ഉപയോഗിച്ചതിനുമായി വലിയൊരു തുക കർഷകർക്ക് ചെലവുവന്നിട്ടുണ്ട്. കൊയ്ത്തുകഴിഞ്ഞ് രണ്ടാഴ്ചപിന്നിട്ടിട്ടും സപ്ലൈകോ നിയോഗിച്ച മില്ലുടമകൾ നെല്ലെടുക്കാൻ തയാറാവാത്തത് കർഷകരോടുള്ള വെല്ലുവിളിയാണെന്ന് കർഷകനായ കെ.എൻ. ഷിബു പറഞ്ഞു.
പടവിൽ സംഭരിച്ച നെല്ലിനൊപ്പം പതിരും ഉണ്ടെന്നാണ് മില്ലുടമകൾ ആദ്യംപറഞ്ഞത്. ഇതേത്തുടർന്ന് ദൂരെദിക്കിൽനിന്നു നെല്ല് കാറ്റത്ത് ഇടുന്നതിനുള്ള യന്ത്രം വാടകയ്ക്ക് പടവിലെത്തിക്കുകയും ചാക്കിലാക്കിയ നെല്ല് പുറത്തെടുത്ത് യന്ത്രസഹായത്തോടെ പതിര് നീക്കംചെയ്യുകയും ചെയ്തു.
പിന്നീടെത്തിയ മില്ലുടമകൾ നെല്ലിന് ഗുണനിലവാരംപോരെന്നും കിഴിവ് കൂടുതൽ വേണമെന്നും നിലപാടെടുത്ത് മടങ്ങിപ്പോവുകയായിരുന്നു.
വേനൽമഴ ശക്തമായികൊണ്ടിരിക്കെ ചാക്കിലാക്കിയ നെല്ല് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ടാർപ്പായകൊണ്ട് മൂടിക്കെട്ടിവച്ചിരിക്കുകയാണ്. സ്ഥലവാടകയും ടാർപ്പായ വാടകയും കർഷകർതന്നെ നൽകണം. പാടൂർ ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണവുമായി ബന്ധപ്പെട്ട് താൽക്കാലിക വളയംബണ്ട് നിർമിക്കാൻ വൈകിയതും പിന്നീട് വളയം ബണ്ട് പൊട്ടിയതുംമൂലം കൂമ്പുള്ളി കനാൽവഴി പടവിലേക്ക് ഉപ്പുവെള്ളം കയറിയതാണ് നെല്ലിന്റെ ഗുണനിലവാരം കുറയാൻ കാരണമായതെന്ന് പടവ് കമ്മിറ്റി ഭാരവാഹികളായ പി.എൽ. ജേക്കബും ബാബുരാജ് കർണംകോട്ടും പറയുന്നു.
ജില്ലാ പാഡി ഓഫീസർ റിങ്കു, മുല്ലശേരി കൃഷി ഓഫീസർ അമല എന്നിവരുടെ നേതൃത്വത്തിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയെങ്കിലും നെല്ല് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടില്ല. പുതിയ മില്ലുടമകളെ നെല്ല് സംഭരണത്തിനായി പടവിലേക്ക് അയയ്ക്കാമെന്നുമാത്രമാണ് അധികൃതർ ഇപ്പോഴും പറയുന്നത്. കഴിഞ്ഞദിവസം പടവിലെത്തിയ മില്ലുടമകൾ നാൽപതുശതമാനം കിഴിവിൽ നെല്ലെടുക്കാമെന്നാണ് പറയുന്നത്.
സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം കൃഷിവകുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പുകൾ വിശ്വസിച്ച് കൃഷിയിറക്കിയ കർഷകർക്ക് കൂലിച്ചെലവുപോലും ലഭ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ. ബന്ധപ്പെട്ട അധികൃതർ ഇടപെടാത്തത് ഖേദകരമാണെന്ന് കര്ഷകര് പറയുന്നു.