ജനവാസ മേഖലയിൽ നായ ഷെൽട്ടർ : നടത്തിപ്പുകാരിക്ക് ഒഴിയാൻ ആർഡിഒയുടെ നോട്ടീസ്
1542644
Monday, April 14, 2025 3:56 AM IST
കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ തെരുവുപട്ടികളെ വളർത്തുന്ന ഷെൽട്ടറുമായി ബന്ധപ്പെട്ട വിവാദത്തിൽ നടത്തിപ്പുകാരിയോട് 30 ദിവസത്തിനുള്ളിൽ മറ്റൊരു സ്ഥലത്തേക്ക് മാറാൻ ആർഡിഒ നോട്ടീസ് നൽകി.
പറക്കോട് വെമ്പിള്ളി ഭാഗത്താണ് ജനവാസ മേഖലയിൽ തെരുവുപട്ടികളെ സംരക്ഷിച്ചിരുന്നത്. ഈ സംഭവത്തെചൊല്ലി ഏതാനും ദിവസങ്ങളായി മേഖലയിൽ വിവാദവും സംഘർഷവും ഉടലെടുത്തിരുന്നു. നാട്ടുകാർ രോഷാകുലരായതോടെ ആർഡിഒ സംഭവസ്ഥലം സന്ദർശിച്ച് ഹിയറിംഗ് നടത്തുകയായിരുന്നു. രണ്ടാമത് ഹിയറിംഗിൽ ജനവാസം കുറഞ്ഞ പഞ്ചായത്തുകളിൽ സൗകര്യം ലഭിക്കുന്ന മുറയ്ക്ക് മാറാമെന്ന് നടത്തിപ്പുകാരി അറിയിച്ചു.
എന്നാൽ ഇതിൽ നടപടിയില്ലാതെ വന്നതോടെയാണ് ഇപ്പോൾ ആർഡിഒ നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്ന് മാസം മുമ്പ് 50,000 രൂപ അഡ്വാൻസായി നൽകി എടുത്ത വീട്ടിൽ 60-ഓളം തെരുവു നായ്ക്കളെയാണ് പാർപ്പിച്ചിരിക്കുന്നത്. വാടക ഇതുവരെ ലഭിക്കാത്തതിലും പരിസര മലിനീകരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതി മൂലവും വിട്ടുടസ്ഥൻ ബുദ്ധിമുട്ടിലായിരിക്കുകയാണ്.