മത്സ്യസമ്പത്ത് കുറയുന്നു; തീരം വറുതിയിലേക്ക്
1542610
Monday, April 14, 2025 3:23 AM IST
കൊച്ചി: കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞതോടെ ജില്ലയിലെ തീരമേഖല വറുതിയിലേക്ക്. മുന്‍ വര്‍ഷങ്ങളില്‍ ഈ സമയം വലനിറയെ മത്സ്യങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഡീസല്‍ ചെലവിന്റെ പകുതിക്ക് താഴെ മാത്രമാണ് മീന്‍ കിട്ടുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഇതോടെ ബോട്ടുകള്‍ ഹാര്‍ബറില്‍ കെട്ടിയിടേണ്ട അവസ്ഥയാണ്.
കഴിഞ്ഞ വര്‍ഷം ഈ സമയം ചെമ്മീന്‍, കിളി, അയല തുടങ്ങിയ മത്സ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇന്നിവയ്ക്ക് ക്ഷാമമാണ്. മത്സ്യലഭ്യത കുറഞ്ഞു തുടങ്ങിയിട്ട് നാലു മാസത്തോളമായി. ഇപ്പോള്‍ രൂക്ഷമായിരിക്കുകയാണെന്നും തൊഴിലാളികള്‍ പറയുന്നു.
ട്രോളിംഗ് നിരോധന കാലയളവില്‍ ബോട്ടുകള്‍ ഇറക്കാത്ത അതേ അവസ്ഥയാണ് നിലവില്‍. ഈ സ്ഥിതി തുടര്‍ന്നാല്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുമെന്നും അവര്‍ പറയുന്നു. ബോട്ടുകളുടെ മാത്രമല്ല മത്സ്യബന്ധനത്തിനിറങ്ങുന്ന ചെറുവള്ളങ്ങളുടെയും സ്ഥിതി വ്യത്യസ്തമല്ല.
ചെറുമത്സ്യങ്ങളെ പിടികൂടുന്നത് വര്‍ധിച്ചത് കടലില്‍ മത്സ്യശോഷണത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതരസംസ്ഥാനങ്ങളില്‍ ബോട്ടുകള്‍ക്ക് ഡീസല്‍ സബ്സിഡി നല്കുമ്പോള് സംസ്ഥാനത്ത് അത് നല്‍കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. പീലിംഗ് ഷെഡുകളും മത്സ്യമേഖലയിലെ വാഹനങ്ങളുമെല്ലാം സ്തംഭനാവസ്ഥയിലാണ്.