പകൽ ആക്രിപെറുക്കൽ, രാത്രിയിൽ കവർച്ച : ഇതരസംസ്ഥാനക്കാർ പിടിയിൽ
1542608
Monday, April 14, 2025 3:23 AM IST
പനങ്ങാട്: വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ ഇതരസംസ്ഥാനക്കാരായ പ്രതികൾ പിടിയിലായി. ഡൽഹി സ്വദേശി ഹിബിസുൾ (22), ബംഗളൂരു സ്വദേശി മുഹമ്മദ് റഫീഖുൾ (25) എന്നിവരെയാണ് പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂർ സ്വദേശിയുടെ വീട്ടിലാണ് മോഷണം നടന്നത്.
പകൽ ആക്രി വസ്തുക്കൾ പെറുക്കിയെടുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് ആൾത്താമസമില്ലാത്ത വീടുകൾ നോക്കിവച്ച് രാത്രി കവർച്ച നടത്തുകയാണ് പ്രതികളുടെ രീതി. മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ കറങ്ങിനടന്നാണ് മോഷണം.
നെട്ടൂരിൽ വീടിന്റെ മുകളിലത്തെ നിലയുടെ പൂട്ട് തകർത്ത് അകത്തു പ്രവേശിച്ച പ്രതികൾ വിലപിടിപ്പുള്ള ടിവിയും ഓട്ടുവിളക്കുകളും പാത്രങ്ങളും വീട്ടുപകരണങ്ങളും ഇൻവെർട്ടർ ബാറ്ററി ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങൾ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
കേസിൽ ഒന്നാം പ്രതിയായ ഹിബിസുളിന് ആലപ്പുഴ അരൂർ പോലീസ് സ്റ്റേഷനിൽ സമാനമായ കേസുണ്ട്. അന്ന് 10 ലക്ഷത്തോളം വിലമതിക്കുന്ന ഓട്ടു പാത്രങ്ങളാണ് മോഷ്ടിച്ചത്. ഈ കേസിൽ ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.
ആലപ്പുഴ ജില്ലയിലും എറണാകുളം ജില്ലയിലുമായി താമസിച്ചിരുന്ന പ്രതിയെ ചളിക്കവട്ടം ഭാഗത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും രണ്ടാം പ്രതിയെ മുളവുകാട് ഭാഗത്തു നിന്നുമാണ് പിടികൂടിയത്.
എസിപി രാജ്കുമാറിന്റെ നേതൃത്വത്തിൽ പനങ്ങാട് സിഐ സാജു ആന്റണി, എസ്ഐമാരായ മുനീർ, റഫീഖ്, എഎസ്ഐ രാജീവ്, സിപിഒമാരായ അരുൺരാജ്, പ്രശാന്ത്, മഹേശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.