കോട്ടുവള്ളിയിലും പരിസരങ്ങളിലും ലഹരി സംഘങ്ങളുടെ ശല്യം വ്യാപകമെന്ന് പരാതി
1542629
Monday, April 14, 2025 3:49 AM IST
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിൽ ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രികാലങ്ങളിൽ മദ്യപരുടെയും ലഹരി സംഘങ്ങളുടെയും ശല്യം രൂക്ഷമാകുന്നതായി പരാതി. എക്സൈസ്, പോലീസ് സംഘങ്ങൾ പരിശോധന നടത്തണമെന്നാണ് ആവശ്യം.
കോട്ടുവള്ളിയിലെ കൈതാരം നടുമുറി കോളനി ഭാഗത്തെ വീടുകൾക്കു സമീപം മദ്യപരുടെ ശല്യം രൂക്ഷമായിരിക്കുന്നെന്നാണ് ഒടുവിലായുള്ള പരാതി. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലും ഇടറോഡുകളിലും തമ്പടിക്കുന്ന സംഘങ്ങൾ പ്രദേശവാസികൾക്കും കാൽനട യാത്രക്കാർക്കും ശല്യമായിരിക്കുകയാണ്. ഇതുമൂലം സ്ത്രീകൾക്കും കുട്ടികൾക്കും രാത്രികാലങ്ങളിൽ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്.
കോട്ടുവള്ളിയിലെ മഹിളപ്പടി, പടിഞ്ഞാറേ കൈതാരം, കിഴക്കേപ്പൊക്കം- ബംഗ്ലാവുപടി റോഡിലെ കലുങ്ക്, ആറാട്ടുകടവ് പാലത്തിനു സമീപം എന്നിവിടങ്ങളിലും ലഹരി സംഘങ്ങളുടെ ശല്യമുണ്ട്. ആളുകളെ ഉപദ്രവിച്ച സംഭവവും പലതവണ ഉണ്ടായിട്ടുണ്ട്. ഇതിനാൽ ലഹരിസംഘങ്ങളെ പേടിച്ച് പരാതി പറയാൻ പോലും ആരും തയാറാകുന്നില്ല.
രാത്രി പൊലീസ് പട്രോളിംഗ് ഇല്ലാത്തതാണ് മദ്യപരുടെയും ലഹരി സംഘങ്ങളുടെയും ശല്യത്തിനു കാരണമെന്നും ഈ അവസരം മുതലാക്കിയാണ് ഇവർ ലഹരി ഉപയോഗിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
രാത്രികാലങ്ങളിൽ കോട്ടുവള്ളി പഞ്ചായത്തിലെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാസലഹരി വില്പന നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപു കോതകുളത്തെ വീട്ടിൽ മാരകായുധങ്ങളും കഞ്ചാവുമായി 15ഓളം വിദ്യാർഥികൾ ഒത്തുകൂടിയതും നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.