ശുചിത്വ സാഗരം, സുന്ദര തീരം: പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തു
1542632
Monday, April 14, 2025 3:50 AM IST
വൈപ്പിൻ: കടലും തീരവും പ്ലാസ്റ്റിക് മുക്തമാക്കുന്ന ഏകദിന പ്ലാസ്റ്റിക് നിർമാർജന പരിപാടി ‘ശുചിത്വ സാഗരം, സുന്ദര തീരം'ത്തിന്റെ വൈപ്പിൻ മേഖലയിലെ രണ്ടാംഘട്ടം ചെറായി ബീച്ചിൽ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുനമ്പം മത്സ്യഭവനു കീഴിൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട് പഞ്ചായത്തുകളിലെ13 ആക്ഷൻ പോയിന്റുകളിലായി മാലിന്യശേഖരണം നടന്നു. ജില്ലയിലെ മൊത്തം 46 സെന്ററുകളിലായി 10,916 കിലോ പ്ലാസ്റ്റിക് മാലിന്യമാണ് നീക്കം ചെയ്തത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരള കമ്പനി, കൊച്ചി കോർപറേഷൻ, പ്ലാനറ്റ് എർത്ത് എന്നിവയുടെ സഹായത്തോടെ നീക്കം ചെയ്തു. ആകെ 1,591 സന്നദ്ധ പ്രവർത്തകർ യജ്ഞത്തിൽ പങ്കാളികളായി.
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അധ്യക്ഷയായി. കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ പി. മാജ ജോസ്, പ്ലാനറ്റ് എർത്ത് കോ-ഓർഡിനേറ്റർ അലൻ സിറിയക്, എഡ്രാക് പ്രതിനിധി ഐ.ജെ. ജോളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.