വിഷു വിപണിയിൽ പൊടിപൊടിച്ച് കണിക്കൊന്ന കച്ചവടം
1542643
Monday, April 14, 2025 3:56 AM IST
മൂവാറ്റുപുഴ: നഗരത്തിലെ വിഷു വിപണിയിൽ കണിക്കൊന്നകച്ചവടം പൊടിപൊടിച്ചു. വിഷുക്കണിയിലെ പ്രധാനിയായ കൊന്നപൂക്കള്ക്ക് വന്‍ ഡിമാന്റായിരുന്നു വിപണിയില്‍. പ്ലാസ്റ്റിക് കൊന്നപ്പൂക്കള്‍ വിപണിയില്‍ സുലഭമാണെങ്കിലും നാടന്‍ കണിക്കൊന്നകളോടാണ് പ്രിയം.
തെരുവോരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഇന്നലെ രാവിലെ മുതൽ കണിക്കൊന്നകള്‍ നിറഞ്ഞിരുന്നു. പിഒ ജംഗ്ഷനിലും ആരക്കുഴ, തൊടുപുഴ റോഡുകളിലും കച്ചേരിത്താഴം, വെള്ളൂര്‍ക്കുന്നം തുടങ്ങിയിടങ്ങളിലാണ് കൊന്നപ്പൂ കച്ചവടം നടന്നത്.
നിരത്തിലിറങ്ങുന്നവരെ ആകര്‍ഷിക്കുന്ന മഞ്ഞ വസന്തമാണ് മൂവാറ്റുപുഴയില്‍ നിറഞ്ഞത്. വിഷുവിന് നാളുകള്‍ മുന്‍പേ കൊന്നകള്‍ പൂത്തതിനാലും വേനല്‍ മഴ തകൃതിയായി പെയ്തതിനാലും പൂക്കള്‍ നേരത്തെ കൊഴിഞ്ഞുതുടങ്ങിയത് തിരിച്ചടിയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു.
നാടന്‍ കൊന്നപൂക്കളുടെ ദൗര്‍ലഭ്യം മുന്നില്‍കണ്ട് വ്യാപാരികള്‍ പ്ലാസ്റ്റിക് കൊന്നപ്പൂക്കളും വിപണിയിൽ എത്തിച്ചിരുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കിനിടയിലും വിഷു ആഘോഷമാക്കുകയാണ് മൂവാറ്റുപുഴക്കാര്‍.