പൊതുസ്ഥലത്ത് മാലിന്യം തള്ളല്‍ : കൊച്ചി കോര്പറേഷന് പിഴ ഈടാക്കിയത് 1.60 കോടി
1542611
Monday, April 14, 2025 3:23 AM IST
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിനുശേഷം നഗരത്തില്‍ മാലിന്യം തള്ളിയവരില്‍ നിന്ന് കൊച്ചി കോര്പറേഷന് പിഴയിനത്തില്‍ 1.60 കോടി രൂപ ഈടാക്കി. 2022 മാര്‍ച്ച് രണ്ടിനായിരുന്നു ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചത്. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ ഈ ഇനത്തില്‍ പിടികൂടിയതില്‍ ഏറ്റവും വലിയ തുകയും ഇതാണ്.
മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കോര്പറേഷന് ഹെല്‍ത്ത് വിഭാഗം രാത്രികാലങ്ങളിലടക്കം സ്പെഷല്‍ ഡ്രൈവ് നടത്തുന്നുണ്ട്. പകല്‍ സമയങ്ങളില്‍ അതത് ഹെല്‍ത്ത് സര്‍ക്കിളുകളുടെ നേതൃത്വത്തിലും രാത്രിയില്‍ സ്പെഷല്‍ സ്ക്വാഡുകളുടെ നേതൃത്വത്തിലുമാണ് പരിശോധന.
ഇത്തരം സ്പെഷല്‍ ഡ്രൈവുകളില്‍ കണ്ടെത്തുന്ന നിയമലംഘകരില്‍ നിന്നാണ് പിഴ ഇടാക്കിയത്. മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് 10,000 രൂപയും കക്കൂസ് മാലിന്യം ജലാശയങ്ങളില്‍ തള്ളുന്നവരില്‍നിന്ന് 25,000 മുതൽ ഒരു ലക്ഷം രൂപ വരെയുമാണ് പിഴ ഈടാക്കിയത്.
മാലിന്യം വലിച്ചെറിയല്‍ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി ജനുവരി ഒന്നു മുതല്‍ ഏഴു വരെ കോര്പറേഷന് നടത്തിയ പരിശോധനയില്‍ മാലിന്യം വലിച്ചെറിഞ്ഞ 26 പേരില്‍നിന്ന് 1,07,208 രൂപയും ഈടാക്കിയിട്ടുണ്ട്.
നഗരത്തിന്റെ സമീപ പ്രദേശങ്ങളില്‍ നിന്നടക്കം പണം വാങ്ങി നഗരത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന സംഘങ്ങള്‍ നിരവധിയുണ്ടെന്ന് കോര്പറേഷന് അധികൃതര്‍ പറഞ്ഞു. വിവാഹം നടക്കുന്ന സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പണം വാങ്ങി ലോറിയില്‍ എത്തിച്ച് നഗരത്തില്‍ നിക്ഷേപിക്കുന്നുണ്ട്.
ഇവര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വീടുകളിലും സ്ഥാപനങ്ങളിലും നിന്നും മലിന ജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്ന സംഭവങ്ങളുമുണ്ട്.