ഭക്തിയുടെ നിറവിൽ ഓശാന ആചരിച്ച് വിശ്വാസികൾ
1542607
Monday, April 14, 2025 3:23 AM IST
കൊച്ചി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും സ്മരണകള്‍ ഉണർത്തി വിശുദ്ധ വാരാചരണത്തിനു തുടക്കം. ഓശാന ഞായറാഴ്ചയായ ഇന്നലെ ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടായിരുന്നു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഇടപ്പള്ളി തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ക്കു മുഖ്യകാര്‍മികത്വം വഹിച്ചു.
എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ഓശാന ശുശ്രൂഷകളില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കാര്‍മികത്വം വഹിച്ചു. സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ സഹകാര്‍മികനായി.
കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പഴമ്പിള്ളിച്ചാല്‍ സെന്റ് മേരീസ് പള്ളിയില്‍ ഓശാന തിരുക്കര്‍മങ്ങളില്‍ കാര്‍മികനായി. മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തെയഡോഷ്യസ് കുന്നക്കുരുടി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളിയിൽ ഓശാന ഞായർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ ഏഴിന് ആഘോഷമായ കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയുണ്ടായിരുന്നു.
മലയാറ്റൂർ കുരിശുമുടിയിൽ
കാലടി: മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും വിശുദ്ധവാര തിരുക്കർമങ്ങൾക്ക് തുടക്കമായി. ഇന്നലെ നടന്ന ഓശാന ഞായർ തിരുക്കർമങ്ങളിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധ കുർബാന, കുരുത്തോല പ്രദക്ഷിണം, വിതരണം എന്നിവ ഉണ്ടായി.
കുരിശുമുടിയിൽ കുരുത്തോല വെഞ്ചിരിപ്പ് ഫാ. ജോൺ വടക്കൻ നിർവഹിച്ചു. കുരിശുമുടി സ്പിരിച്വൽ ഡയറക്ടർ ഫാ. ജോസ് വടക്കൻ തിരുകർമങ്ങൾക്ക് നേതൃത്വം നൽകി. താഴത്തെ പള്ളിയിൽ റവ. ഡോ. ആന്റണി നരികുളം കുരുത്തോല വെഞ്ചിരിപ്പ് നടത്തി.
വികാരി ഫാ. ജോസ് ഒഴലക്കാട്ട്, സഹവികാരി നിഖിൽ മുളവരിക്കൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.