ഉദ്ഘാടനത്തിനൊരുങ്ങി ബ്രഹ്മപുരത്തെ സിബിജി പ്ലാന്റ്
1542614
Monday, April 14, 2025 3:23 AM IST
ഈ മാസം അവസാനത്തോടെ ഗ്യാസ് ഉത്പാദനം ആരംഭിക്കും
കൊച്ചി: ബ്രഹ്മപുരത്ത് ഭാരത് പെട്രോളിയം കോര്പറേഷന് നിര്‍മാണം പൂര്‍ത്തീകരിച്ച കംപ്രസ്ഡ് ബയോ ഗ്യാസ് (സിബിജി) പ്ലാന്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ഈമാസം അവസാനത്തോടെ ഭക്ഷണമാലിന്യം നിക്ഷേപിച്ച് പ്ലാന്റില്‍നിന്ന് ഗ്യാസ് ഉത്പാദനം ആരംഭിക്കാനാണ് ശ്രമം. പദ്ധതിയുടെ നടത്തിപ്പു സംബന്ധിച്ച കരാര്‍ കഴിഞ്ഞദിവസം ഒപ്പിട്ടു.
പഞ്ചാബ് ആസ്ഥാനമായ സെന്റര്‍ ഫോര്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് (സിഇഐഡി) എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കരാര്‍പ്രകാരം പ്ലാന്റിന്റെ കാലാവധി കണക്കാക്കുന്ന 25വര്‍ഷം പ്ലാന്റ് നടത്തിപ്പും സംരക്ഷണവും സിഇഐഡി എന്ന സ്ഥാപനം നിര്‍വഹിക്കണം. ഈ കാലയളവില്‍ പ്ലാന്റിന്റെ ഉടമസ്ഥര്‍ ബിപിസിഎല്‍ ആയിരിക്കും.
പിന്നീടിത് കോര്പറേഷന് കൈമാറുകയോ 10 വര്‍ഷം കൂടി കരാര്‍ നീട്ടി നല്‍കുകയോ ചെയ്യും. സിബിജി പ്ലാന്റിന് ആവശ്യമായ രണ്ട് ബയോ ഡൈജസ്റ്ററുകളുടെയും നിര്‍മാണമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 18 മാസമാണ് നിര്‍മാണ കാലാവധി പറഞ്ഞിരുന്നതെങ്കിലും ആറു മാസം മുന്‍പേ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ആദ്യം 75 ടണ്‍ മാലിന്യം സംസ്കരിക്കും. പിന്നീട് ഘട്ടംഘട്ടമായി 150 ടണ്‍വരെ ഉയര്‍ത്തും. 110 കോടിയാണ് എസ്റ്റിമേറ്റ് തുക. പ്ലാന്റ് നിര്‍മാണം ഉള്‍പ്പെടെ ആദ്യഘട്ടത്തിനായി 81 കോടിയാണ് ചെലവ്. വര്‍ഷംതോറും 10 കോടി വരെ പ്രവര്ത്തനച്ചെലവായും കണക്കാക്കുന്നുണ്ട്. 150 ടണ്‍ ഖരമാലിന്യം സംസ്കരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ഇത്രയും മാലിന്യം സംസ്കരിക്കുന്നതിലൂടെ ആറു ടണ്‍വരെ സിബിജിയും 25 ടണ്‍ ജൈവവളവും ഉത്പാദിപ്പിക്കാനാകും.
ഇത് വില്‍ക്കുന്നതിലൂടെ വര്‍ഷം 14 കോടി രൂപയാണ് ബിപിസിഎല്‍ ലക്ഷ്യം വയ്ക്കുന്നത്. അവശേഷിക്കുന്ന 100 ടണ്‍ മലിനജലം വളമാക്കി വില്ക്കാനാകുമോയെന്നും ബിപിസിഎല്‍ ആലോചിക്കുന്നുണ്ട്.