ഫോർട്ട്കൊച്ചിയിൽ മരക്കൊന്പ് വീണ് മൂന്ന് പേർക്ക് പരിക്ക്
1542621
Monday, April 14, 2025 3:35 AM IST
ഒരാളുടെ നില ഗുരുതരം
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി സൗത്ത്ബീച്ചിന് സമീപം ഇന്നലെ കൂറ്റൻ മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
സൗത്ത്ബീച്ചിന് സമീപം ഇന്നലെ രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഫോർട്ടുകൊച്ചി സ്വദേശികളായ അഷറഫ്, ജോൺസൻ, ജോസഫ് ആൽവിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പനയപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമായ ജോൺസനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ജോൺസന്റെ വാരിയെല്ലിനും തോളെല്ലിനും പൊട്ടലുണ്ട്. മറ്റു രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു.
പരിക്കേറ്റ മൂന്നുപേരും ബീച്ച് ഹെൽത്ത് ക്ലബ് അംഗങ്ങളാണ്. ഞായറാഴ്ചയായതിനാൽ ബീച്ച് ഹെൽത്ത് ക്ലബ്ബിൽ വ്യായാമം കഴിഞ്ഞതിനു ശേഷം വിശ്രമിക്കുമ്പോഴാണ് ശിഖിരം ഒടിഞ്ഞുവീണത്. ഇവിടെ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ വീണ ശേഷമാണ് ശിഖരം ആളുകളുടെ മേൽ പതിച്ചത്. ഇതിനാൽ വൻ ദുരന്തം ഒഴിവായി. ഓട്ടോറിക്ഷ ഭാഗികമായി തകർന്നിട്ടുണ്ട്.