പാറമടയിൽനിന്നു കല്ല് വീട്ടുമുറ്റത്ത്
1542637
Monday, April 14, 2025 3:56 AM IST
കല്ലൂർക്കാട്: മണിയന്തടം ചാറ്റുപാറയിലെ പാറമടയിൽനിന്നു വീണ്ടും പാറക്കല്ല് വീട്ടുമുറ്റത്തേക്ക് തെറിച്ചുവീണു. കിളിവള്ളിക്കൽ ഷാജി ഏബ്രാഹമിന്റെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം കല്ല് വീണത്. ഇത് രണ്ടാം തവണയാണ് പാറ പൊട്ടിക്കുമ്പോൾ കല്ല് തെറിച്ച് ഇതേ വീട്ടുമുറ്റത്ത് പതിക്കുന്നത്.
അപകട സമയത്ത് മുറ്റത്ത് ആളുകൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. കഴിഞ്ഞ ജനുവരിയിൽ ഇതിന് സമീപത്തു തന്നെയുള്ള തേവരോലിൽ സുരേഷ് ബാബുവിന്റെ വീടിന് മുകളിൽ വലിയ കല്ല് പതിച്ച് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു.
അപകടസമയത്ത് വീട്ടിലും മുറ്റത്തും ആളില്ലാതിരുന്നതിനാൽ കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇതേത്തുടർന്നുള്ള പരാതിയും അന്വേഷണവും നടക്കുന്ന സമയത്തുതന്നെ വീണ്ടും സമാനമായ സംഭവം ഉണ്ടായത് പ്രദേശവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്.
പകൽ സമയത്ത് ക്വാറി പ്രവർത്തിക്കുമ്പോൾ ജീവനും വസ്തുവകകളും സംരക്ഷിക്കാൻ പ്രദേശവാസികൾക്ക് ഏറെ കരുതൽ വേണമെന്ന ആശങ്കയാണ് ഉയരുന്നത്.