പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച നാലു പേർ പിടിയിൽ
1542616
Monday, April 14, 2025 3:23 AM IST
മട്ടാഞ്ചേരി: മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ നാലുപേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് കൈഫ് (23), ഷിയാസ് (25), പള്ളുരുത്തി സ്വദേശി മുഹമ്മദ് നബീൽ (24), കരുവേലിപ്പടി സ്വദേശി മുഹമ്മദ് റിസ്വാൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്ച നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രതികൾ അക്രമിച്ചത്. കാറിൽ വരികയായിരുന്ന പ്രതികൾ പാലസ് റോഡിൽ പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കാർ ഓടിച്ച് പോകുകയും ചെയ്തു.
പിന്നീട് പനയപ്പിള്ളി ഭാഗത്ത് പോലീസ് ഈ വാഹനം കാണുകയും കാറിലുണ്ടായിരുന്നവരോട് ഇതു സംബന്ധിച്ച് ചോദിച്ചപ്പോൾ തട്ടിക്കയറുകയുമായിരുന്നു. പോലീസ് പ്രതികളെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ ഇവർ പോലീസിനെ അക്രമിച്ചു.
ബലപ്രയോഗത്തിലൂടെ ഇവരെ വാഹനത്തിൽ കയറ്റുന്നതിനിടെ അഞ്ചു പേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. പിടിയിലായവരിൽ ഷിയാസ്, നബീൽ എന്നിവർ എറണാകുളം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെയുള്ളവയിൽ പ്രതികളാണ്.
മട്ടാഞ്ചേരി അസി. കമ്മിഷണര്‍ ഉമേഷ് ഗോയൽ, മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എ. ഷിബിൻ, സബ് ഇൻസ്പെക്ടർ ജയപ്രസാദ്, എഎസ്ഐ ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ബിനു, ബൈജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.