മഹാരാജാസ് ഹോക്കി ടര്‍ഫ് ഈ മാസം പൂര്‍ത്തിയാകും
1542613
Monday, April 14, 2025 3:23 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നിർമിക്കുന്ന സിന്തറ്റിക് ഹോക്കി ടര്‍ഫിന്റെ നിർമാണം ഈ മാസം പൂര്‍ത്തിയാകും. നിലവില്‍ മൈതാനത്തിനു ചുറ്റും ഇന്റര്‍ലോക്ക് ടൈലുകള്‍ വിരിക്കുന്നതിന്റെയും ഫ്ലഡ്ലിറ്റുകള് സ്ഥാപിക്കുന്നതിന്റെയും ജോലികള്‍ അവസാനഘട്ടത്തിലാണ്. ഇതോടൊപ്പം പമ്പിംഗ് റൂമിന്റെ ഇലക്ട്രിക്കല്‍ ജോലികളും നടക്കുകയാണ്.
ഇതു പൂര്‍ത്തിയാകുന്നതോടെ ഈ മാസം അവസാനത്തോടെ ഹോക്കി ടര്‍ഫിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് നീക്കം.
വാം അപ് ഗ്രൗണ്ടിനുസമീപം ടര്‍ഫ് തുടര്‍ച്ചയായി നനയ്ക്കാനുള്ള, ഒരു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക് ടര്‍ഫാണിത്.
ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് (ഐഎച്ച്എഫ് ) മാനദണ്ഡം പാലിച്ചാണ് ടര്‍ഫിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 9.51 കോടി രൂപയാണ് ചെലവ്. സിഎസ്എംഎല്‍ ഫണ്ടാണിത്. ഗ്രേറ്റ് സ്പോര്‍ട്സ് ടെക് ലിമിറ്റഡാണ് നിര്‍മാണം. വേനല്‍മഴ കാരണം നിര്‍മാണത്തിന് ചെറിയ തടസം നേരിട്ടിരുന്നു.
അതേ സമയം ടര്‍ഫില്‍ ഗാലറിയില്ലെന്നത് പോരായ്മയാണ്. ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് താത്കാലിക ഗാലറി നിര്‍മിക്കേണ്ടിവരും. സ്ഥിരം ഗാലറിക്കുള്ള സാധ്യതയും തേടുന്നതായാണ് വിവരം. ഉദ്ഘാടനത്തോടൊപ്പം അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പിന് വേദിയാകാന്‍ എറണാകുളം ഹോക്കി അസോസിയേഷന് ഇതികം കോളജ് അധികൃതരെയും സ്പോര്‍ട്സ് കൗണ്‍സിലിനെയും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ജി.വി. രാജ സ്റ്റേഡിയം, കൊല്ലം ഹോക്കി സ്റ്റേഡിയം എന്നിവയാണ് കേരളത്തിലെ മറ്റ് സിന്തറ്റിക്ക് ഹോക്കി ടര്‍ഫുകള്‍. ഇവിടെയാണ് ഭൂരിഭാഗം ചാമ്പ്യന്‍ഷിപ്പുകളും നടക്കുന്നത്.
എറണാകുളത്ത് സിന്തറ്റിക് ടര്‍ഫ് വരുന്നതോടെ കൂടുതല്‍ ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് വഴിതുറക്കും. താമസസൗര്യത്തിനടക്കം സാധ്യതകള്‍ ഏറെയുള്ളതും അനുകൂലമാണ്.