രണ്ടര വയസുകാരി തോട്ടിൽ മുങ്ങി മരിച്ചു
1538679
Tuesday, April 1, 2025 10:19 PM IST
പറവൂർ: വീടിനു സമീപത്തെ തോട്ടിൽ വീണു രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. കൊങ്ങോർപ്പിള്ളി പാറത്തറ വീട്ടിൽ ജോഷിയുടെയും ജാസ്മിന്റെയും ഇളയമകൾ ജൂഹി എലിസബത്താണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ചെട്ടിക്കാടുള്ള അമ്മവീട്ടിൽ വച്ചായിരുന്നു അപകടം. വീടിനോടു ചേർന്നുള്ള മതിലിനു പിന്നിലെ തോട്ടിലാണ് വീണത്. സഹോദരൻ ജുവാനൊപ്പം (അഞ്ച്) മതിലിനു സമീപത്തു കളിക്കുകയായിരുന്നു ജൂഹി.
ഇടയ്ക്ക് സഹോദരൻ വീടിനകത്തേക്കു കയറിപ്പോയ സമയത്താണ് മതിലിൽ ഉണ്ടായിരുന്ന വിടവിലൂടെ തോട്ടിലേക്ക് വീണത്. കുട്ടിയെ കാണാതെ അന്വേഷിച്ച അമ്മ ജാസ്മിൻ കുട്ടി തോട്ടിൽ വീണുകിടക്കുന്നതു കണ്ടു തോട്ടിൽ ഇറങ്ങി കുട്ടിയെ എടുത്തു.
സമീപവാസികളുടെ സഹായത്തോടെ ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ജോഷി അബുദാബിയിലാണ്.