പിറവം പള്ളി ഷെഡിലെ അഗ്നിബാധ : കുടയും കുരിശുകളും കത്തിനശിച്ചു; മൂന്നു ലക്ഷത്തിന്റെ നഷ്ടം
1538845
Wednesday, April 2, 2025 4:31 AM IST
പിറവം: പിറവത്തെ സെന്റ് മേരീസ് യാക്കോബായ കോണ്ഗ്രിഗേഷൻ ദേവാലയത്തോട് ചേർന്നുള്ള ഷെഡിലുണ്ടായ അഗ്നിബാധയിൽ വൻ നാശനഷ്ടം. പളളിയുടെ ചമയങ്ങളായ മുത്തുക്കുടകളും ഒട്ടേറെ കുരിശുകളും കൊടിതോരണങ്ങളുമാണ് കത്തിനശിച്ചത്. ഇതിൽ സ്വർണവും വെള്ളിയും പൂശിയ പ്രദക്ഷിണത്തിന് കൊണ്ടുപോകുന്ന കുരിശുകളും ഉൾപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. അലുമിനിയം ഷീറ്റ് മേഞ്ഞ ഷെഡിന്റെ നാലു സൈഡുകളിലെ ഭിത്തിയും കനമുള്ള ഷീറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഷെഡിനുള്ളിലേക്ക് പ്രവേശിക്കാൻ ഒരു വാതിലാണുള്ളത്.
ഇതിനകത്ത് തട്ടുകൾ സ്ഥാപിച്ചാണ് പള്ളി ചമയങ്ങൾ സൂക്ഷിച്ചിരുന്നത്. മറുവശത്ത് പള്ളിമുറ്റത്തെ പന്തലിൽ അന്പത് നോന്പിനോടനുബന്ധിച്ച സുവിശേഷയോഗം നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഷെഡിനുള്ളിൽ തീപിടിച്ചത്. തീപിടിച്ചയുടൻതന്നെ നിയന്ത്രണ വിധേയമാക്കി അണയ്ക്കാനായത് പടരാതിരിക്കാൻ സഹായകമായി.
പിറവം, മുളന്തുരുത്തി എന്നിവിടങ്ങളിൽ നിന്നെത്തിയ മൂന്നു ഫയർ എൻജിനുകൾ ഉപയോഗിച്ചാണ് തീയണച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മൂന്നു ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്.