ഓട്ടോയില്‍നിന്ന് 2.70 കോടി പിടികൂടിയ സംഭവം : രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ നടപടി
1538625
Tuesday, April 1, 2025 6:57 AM IST
കൊച്ചി: ഇടക്കൊച്ചിയില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് കണക്കില്‍പ്പെടാത്ത രണ്ടു കോടി 70 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്ത സംഭവത്തില്‍ തുണിക്കട ഉടമ വ്യക്തമായ രേഖകള്‍ കോടതിയില്‍ ഹാജരാക്കിയില്ലെങ്കില്‍ തുടര്‍ നടപടിയെടുക്കുമെന്ന് പോലീസ്.
കേസുമായി ബന്ധപ്പെട്ട് എളമക്കരയില്‍ താമസിക്കുന്ന തുണിക്കട ഉടമ രാജ മുഹമ്മദിനെ ഹാര്‍ബര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു. തുകയ്ക്ക് വ്യക്തമായ രേഖകള്‍ ഉണ്ടെന്നും അത് കോടതിയില്‍ ഹാജരാക്കാമെന്നുമാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. കോടതിയില്‍ വ്യക്തമായ രേഖകള്‍ ഹാജരാക്കാത്ത പക്ഷം കേസ് ഇന്‍കം ടാക്സിനോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോ കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഹാര്‍ബര്‍ പോലീസ് എസ്എച്ച്ഒ സുനുകുമാര്‍ പറഞ്ഞു.
പണം സ്ഥലക്കച്ചവടത്തിന്റെ ആവശ്യവുമായി ബന്ധപ്പെട്ടതാണെന്നാണ് ഇയാള്‍ പോലീസില്‍ മൊഴി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് ഹാര്‍ബര്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവറായ തമിഴ്നാട് സ്വദേശിയും കടവന്ത്രയില്‍ താമസിക്കുന്ന രാജഗോപാല്‍ (40), എറണാകുളം ബ്രോഡ്വേയിലെ ക്യൂട്ട് ക്ലോത്തിംഗ് കമ്പനി എന്ന തുണിക്കടയിലെ ജീവനക്കാരനും ബീഹാര്‍ സ്വദേശിയുമായ സബീഷ് അഹമ്മദ് (25) എന്നിവരെ ചോദ്യം ചെയ്തശേഷം കഴിഞ്ഞ ദിവസം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. രാജാ മുഹമ്മദാണ് പണം നല്‍കിയതെന്ന് ഇവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജയെ ചോദ്യം ചെയ്തത്.
പിടിച്ചെടുത്ത പണം കോടതിക്ക് കൈമാറി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപത്തെ വാക്ക്വേയില് കിടന്ന ഓട്ടോറിക്ഷയില്‍ നിന്നാണ് കോടികള്‍ പിടികൂടിയത്.
ഹാര്‍ബര്‍ സ്റ്റേഷനിലെ പോലീസ് സംഘം പട്രോളിംഗിന്റെ ഭാഗമായി ഇതുവഴി പോകുന്നതിനിടെ വാക്ക്വേയില് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ഡ്രൈവറും ബീഹാര്‍ സ്വദേശിയും പോലീസിനെ കണ്ടതോടെ പരുങ്ങി. സംശയം തോന്നിയ പോലീസെത്തി പരിശോധിച്ചതോടെ പണം കണ്ടെത്തുകയായിരുന്നു.