കൗണ്ട് ഡൗൺ കഴിഞ്ഞു ; മട്ടാഞ്ചേരി വാട്ടർ മെട്രോ നിർമാണം ഇഴയുന്നു
1538623
Tuesday, April 1, 2025 6:57 AM IST
മട്ടാഞ്ചേരി: നൂറ് ദിവസത്തിനകം പൂർത്തീകരിക്കുമെന്ന് ബോർഡ് സ്ഥാപിച്ചെങ്കിലും പൂർത്തിയാക്കാനാകാതെ മട്ടാഞ്ചേരി വാട്ടർ മെട്രോ ടെർമിനൽ. കൗണ്ട് ഡൗൺ ബോർഡ് വച്ച് നാളുകൾ കഴിഞ്ഞിട്ടും ടെർമിനൽ നിർമാണം പൂർത്തിയാക്കുന്നത്തിനായി തിരക്കിട്ട ജോലികൾ ഇപ്പോഴും തുടരുകയാണ്.
ഓണത്തിന് മുന്പായി സർവീസ് ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതരെങ്കിലും കായലിലെ ഏക്കൽ നീക്കുന്ന ജോലി എങ്ങുമെത്താതിനാൽ സർവീസ് നീളുമെന്നാണ് സൂചന. ടെർമിനലിന് സമീപമുള്ള ചെളി നീക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ബോട്ട് അടുക്കുന്നതിനുള്ള ഫ്ളോട്ടിംഗ് പോൺടൂണുകൾ സ്ഥാപിക്കൽ, വൈദ്യുതീകരണം എന്നിവ പൂർത്തിയാക്കത്തതും സർവീസ് തുടങ്ങുന്നതിന് തടസമായി നിൽക്കുകയാണ്.
ആദ്യഘട്ട ടെർമിനൽ നിർമാണം സ്തംഭിക്കുകയും പിന്നീട് രണ്ടാം തവണ ടെണ്ടർ നടത്തിയാണ് ടെർമിനൽ നിർമാണം പുനരാരംഭിച്ചത്. ടെർമിനൽ നിർമാണം നിലവിൽ അന്തിമഘട്ടത്തിലാണ്. 2019ൽ തുടങ്ങിയതാണ് പദ്ധതി. 2023 ആദ്യഘട്ട സർവീസ് നടത്തുമെന്ന് പറഞ്ഞെങ്കിലും നടപ്പാക്കുവാൻ അധികൃതർക്കായില്ല.