ട്വന്റി20 ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിൽ വൈദ്യുതിക്കും പാചകവാതകത്തിനും 25 ശതമാനം ഇളവ്
1538618
Tuesday, April 1, 2025 6:57 AM IST
കിഴക്കമ്പലം: സംസ്ഥാനത്തെ ട്വന്റി20 ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിൽ വൈദ്യുതിക്കും പാചക വാതകത്തിനും 25 ശതമാനം ഇളവ്.
കിഴക്കമ്പലം പഞ്ചായത്തിലും ഐക്കരനാട് പഞ്ചായത്തിലുമാണ് ഇനി മുതൽ പചകവാതകത്തിനും വൈദ്യതി ബില്ലിനും 25 ശതമാനം വീതം ഇളവ് പഞ്ചായത്ത് നൽകുന്നത്. ഇത് ഘട്ടംഘട്ടമായി 50 ശതമാനമാക്കി ഉയർത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കമ്പ് പത്രസമ്മേളനത്തിൽ പറഞ്ഞു. വെള്ള റേഷൻ കാർഡ് ഒഴികെയുള്ള എല്ലാ കാർഡ് ഉടമകൾക്കും ഈ ആനുകൂല്യങ്ങൾ ലഭിക്കും.
രണ്ടു പഞ്ചായത്തുകളിലെയും 75 ശതമാനം കുടുബങ്ങൾക്ക് ഈ ആനുകൂല്യം ലഭ്യമാകും. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മുഴുവൻ വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷവും കിഴക്കമ്പലം പഞ്ചായത്തിൽ 25 കോടി രൂപയാണ് നീക്കിയിരിപ്പ്. ഐക്കരനാട്ടിൽ 12 കോടി രൂപയും.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉയർന്ന തുക പഞ്ചായത്തിൽ നീക്കിയിരിപ്പായിവരുന്നതെന്നും സാബു എം. ജേക്കബ് പറഞ്ഞു. കിറ്റെക്സ് ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വൈസ് പ്രസിഡന്റ് ജിൻസി അജി, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.എ. ബിനു, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്, വൈസ് പ്രസിഡന്റ് പ്രസന്ന പ്രദീപ് എന്നിവർ പങ്കെടുത്തു.