സ്വര്‍ണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് : പ്രതിയുടെ അറസ്റ്റ് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെ
1538824
Wednesday, April 2, 2025 4:01 AM IST
കൊച്ചി: അമ്പതിനായിരം രൂപ നല്കിയാല് 10 പവന് സ്വര്‍ണം നല്‍കാമെന്നും ബാക്കി തുക 10,000 രൂപ വീതം ഗഡുക്കളായി നല്കിയാല് മതിയെന്നും വിശ്വസിപ്പിച്ച് പലരില്‍ നിന്നായി മൂന്നുലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായത് പുതിയ തട്ടിപ്പിന് കളമൊരുക്കുന്നതിനിടെ.
മേല്‍വിലാസം മാറ്റി കളമശേരിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുകയായിരുന്ന പ്രതി ഹോട്ടല്‍ ഉടമയെ തട്ടിപ്പില്‍ വീഴ്ത്താനുള്ള ശ്രമം നടത്തുകയായിരുന്നു. ഇതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.
വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജപരസ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. പരസ്യംകണ്ട് സമീപിക്കുന്നവരുടെ നമ്പറുകളിലേക്ക് സ്വര്‍ണാഭരണത്തിന്റെ ചിത്രങ്ങളും ഓഫറും കൈമാറുകയും തട്ടിപ്പിലൂടെ പണം കൈക്കലാക്കുകയുമായിരുന്നു രീതി. പിടിയിലായ പള്ളുരുത്തി സ്വദേശി വര്‍ഗീസിനെതിരെ(50) മോഷണക്കേസും നിലവിലുണ്ട്.
പണം കൈക്കലാക്കിയശേഷം തമിഴ്നാട്ടിലേക്ക് മുങ്ങുന്നതാണ് ഇയാളുടെ രീതി. തമിഴ്നാട്ടില്‍ വ്യാജ ആധാര്‍ കാര്‍ഡ് സ്വന്തമാക്കി മറ്റൊരു പേരിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇയാള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്.
മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കളമശേരി ഭാഗത്തുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇയാള്‍ നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.