25 മുട്ടകളുമായി അടയിരുന്ന മൂർഖനെ പിടികൂടി
1538822
Wednesday, April 2, 2025 4:01 AM IST
കോതമംഗലം: ചേലാട് സ്വകാര്യ വ്യക്തിയുടെ വീടിന് സമീപത്ത് മുട്ടയിട്ട് അടയിരുന്ന മൂർഖനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ചേലാട് കൊട്ടിശേരിക്കുടി കുര്യന്റെ വീടിന് സമീപത്തെ മാളത്തിനുള്ളിലാണ് മുട്ടകളും മൂർഖനെയും കണ്ടത്.
ഏതാനും ദിവസങ്ങളായി മൂർഖനെ പരിസരത്ത് കണ്ടതോടെ വീട്ടുകാർ സ്നേക്ക് റെസ്ക്യൂവറായ മാർട്ടിൻ മേക്കമാലിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വനപാലകരും സ്ഥലത്തെത്തി. മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിലാണ് മാർട്ടിന് പാന്പിനെയും മുട്ടകളും പുറത്തെടുക്കാനായത്.
പിടിക്കാനുള്ള ശ്രമത്തിനിടെ പാന്പ് പലതവണ മാർട്ടിനെ ആക്രമിക്കാൻ ശ്രമിച്ചു. വിരിയാറായ ഇരുപത്തിയഞ്ച് മുട്ടകളാണ് മാളത്തിൽ ഉണ്ടായിരുന്നത്. മൂർഖൻ പാന്പിന്റെ മുട്ട വിരിഞ്ഞ് കുഞ്ഞ് പുറത്തുവരാൻ 45 ദിവസമാണ് വേണ്ടത്. മുർഖനെയും മുട്ടകളും വനപാലകർ ഏറ്റുവാങ്ങി സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.