ചെമ്പിച്ചേരി റോഡില്‍ പുതിയ കൾവര്‍ട്ടിന് 92 ലക്ഷം
1538620
Tuesday, April 1, 2025 6:57 AM IST
കാലടി: മറ്റൂര്‍-കൈപ്പട്ടൂര്‍-ചെമ്പിച്ചേരി റോഡില്‍ കാലപ്പഴക്കം ചെന്ന കൾവര്‍ട്ട് വീതികൂട്ടി പുതുക്കി നിര്‍മിക്കുവാനായി 92 ലക്ഷം രൂപ അനുവദിച്ചതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് എംഎല്‍എ മുന്‍കൈയെടുത്ത് ചെമ്പിച്ചേരി റോഡ് 12 മുതല്‍ 15 മീറ്റര്‍ വരെ വീതിയില്‍ ഇരുവശങ്ങളിലും കാന തീര്‍ത്ത് പൂര്‍ണമായും ടൈല്‍ വിരിച്ച് നിര്‍മിച്ചിരുന്നു.
റോഡ് വികസന സമിതിയുമായി ചേര്‍ന്ന് നിരവധി ആളുകളുടെ ഭൂമി സൗജന്യമായി ഏറ്റെടുത്താണ് റോഡ് വീതികൂട്ടി നിര്‍മിച്ചത്. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത മൂലം വീതി കുറഞ്ഞ ചെമ്പിച്ചേരി പാലം പൊളിച്ച് പുനര്‍നിര്‍മിക്കുവാന്‍ സാധിച്ചിരുന്നില്ല. ബോക്സ് കൾവര്‍ട്ടായി നിര്‍മിക്കുന്ന പുതിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ ചെമ്പിച്ചേരി റോഡിന്റെ വികസന പൂര്‍ത്തീകരണം സാധ്യമാവും. ടെണ്ടര്‍ നടപടികള്‍ വേഗത്തിലാക്കി പാലം എത്രയും വേഗം യാഥാര്‍ഥ്യമാക്കുമെന്ന് എംഎല്‍എ അറിയിച്ചു.