കോട്ടപ്പടിയിൽ കാട്ടാന വീണു തകർന്ന കിണർ പുനിർനിർമിച്ചു നല്കി
1538850
Wednesday, April 2, 2025 4:31 AM IST
കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന വീണു തകർന്ന കിണർ പുനർനിർമിച്ചു നൽകി. കഴിഞ്ഞ ഏപ്രിൽ 12ന് പുലർച്ചെയാണ് കോട്ടപ്പടി മുട്ടത്തുപാറയ്ക്ക് സമീപം കൂലാഞ്ഞി പത്രോസിന്റെ വീടിനു സമീപമുള്ള പുരയിടത്തിലെ കിണറ്റിൽ കാട്ടാന വീഴുകയും കിണറിന് നാശം സംഭവിക്കുകയും ചെയ്തത്. കിണർ പുനർനിർമിച്ച് നൽകണമെന്നാവശ്യപ്പെട്ട് സമരങ്ങളും നടന്നിരുന്നു.
ആന്റണി ജോണ് എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് കിണറിന്റെ പുനരുധാരണത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്നും 2,12,800 രൂപ അനുവദിച്ച് വർക്ക് ടെൻഡറും ചെയ്തു. എന്നാൽ കിണർ സ്ഥിതി ചെയ്തിരുന്ന പുരയിടത്തിലേക്ക് വഴി സൗകര്യമില്ലാത്തതിനാൽ ജോലി ഏറ്റെടുക്കാൻ കരാറുകാർ തയാറായില്ല.
പിന്നീട് എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും നടത്തിയ ഇടപെടലിനെ തുടർന്നാണ് ആറാമത് ടെൻഡർ സമയത്ത് ഒരു കരാറുകാരൻ ജോലി ഏറ്റെടുത്തത്. പുനർ നിർമിച്ച കിണറിന്റെ സമർപ്പണം ആന്റണി ജോണ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മെറ്റിൻ മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ആശ അജിൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സാറാമ്മ ജോണ്, ജിജി സജീവ്, അംഗങ്ങളായ സന്തോഷ് അയ്യപ്പൻ, ശ്രീജ സന്തോഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എൻജിനീയർ മെജോ ജോർജ് എന്നിവർ പങ്കെടുത്തു. ജോലി ഏറ്റെടുത്ത് നല്ല നിലയിൽ പൂർത്തീകരിച്ച കരാറുകാരൻ കെ.ആർ. അശോകൻ നായരെ എംഎൽഎ ചടങ്ങിൽ ആദരിച്ചു.