പലവന്‍പുഴ സുന്ദരം; പക്ഷേ, പതിയിരിക്കുന്നത് അപകടം
1538816
Wednesday, April 2, 2025 4:01 AM IST
ജിജു കോതമംഗലം
കോതമംഗലം: കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളുടെ കൂടി ജീവന് ഇന്നലെ പലവന്‍ പുഴയെടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തില്‍ വിനോദ സഞ്ചാരത്തിനെത്തി പുഴയില്‍ കുത്തൊഴുക്കിലും ചുഴിയിലും പെട്ട് മുങ്ങിത്താണ് ഇരുപതോളം ജീവന് പൊലിഞ്ഞിട്ടുണ്ട്.
ഇടമലയാര്‍ ഡാമില്‍ നിന്ന് വൈദ്യുതി ഉല്പാദനം കഴിഞ്ഞ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ ശക്തിയറിയാതെ കുളിക്കാനിറങ്ങുന്നവരാണ് അപകടത്തില്‍പ്പെടുന്നത്. ആലുവ വടക്കേ എടത്തല വടക്കേതോലക്കര സിദ്ധിഖ് (42), കാലടി മറ്റൂര്‍ തുറവുംകര പിരാരൂര്‍ മല്ലശേരി അബു ഫായിസ് (21) എന്നിവര്‍ ഇന്നലെ മുങ്ങിമരിച്ചതും പുഴയിലെ കുത്തൊഴുക്കില്‍പ്പെട്ടാണ്.
ശാന്തമായി ഒഴുകുന്നത് കണ്ട് കുളിക്കാനിറങ്ങുന്ന പലരും അടിയൊഴുക്കില്‍പ്പെട്ടാണ് അപകടത്തില്‍പ്പെടുന്നത്. പലവന്‍പുഴ വടാട്ടുപാറ വനത്തിനു സമീപത്ത് കൂടെയാണ് ഒഴുകുന്നത്. മനോഹരമായ പുഴയും ചുറ്റുപാടുമാണ് വിനോദസഞ്ചാരികളെ ഇവിടേക്ക് കൂടുതലായി ആകര്‍ഷിക്കുന്നത്. ജില്ലയുടെ അകത്തുനിന്നും പുറത്തുനിന്നുമായി ഒട്ടേറെപേര്‍ ഈ പ്രദേശം ആസ്വദിക്കാനെത്തുന്നുണ്ട്.
അങ്ങനെ വന്നവരില്‍ ഇരുപത് പേര്‍ക്ക് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ജീവന് നഷ്ടപ്പെട്ടുവെന്ന് 17 മൃതദേഹങ്ങള്‍ മുങ്ങിയെടുത്തിട്ടുള്ള പ്രദേശവാസിയായ ബിനു പറഞ്ഞു. അപകടങ്ങളില്ലാതാക്കാന്‍ അധികാരികള്‍ എന്തെങ്കിലും നടപടി സ്വീകരിക്കണം. ഗൈഡിനെ നിയോഗിക്കുന്നതടക്കമുള്ള സാധ്യതകള്‍ പരിശോധിക്കാവുന്നതാണ്.
പുഴയുടെ ആഴവും അടിയൊഴുക്കും മനസിലാക്കാതെ പുഴയില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടവരില്‍ ഒരു കൂട്ടരെങ്കില്‍, നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചവരാണ് മറ്റൊരുകൂട്ടര്‍. ഇടമലയാര്‍ വൈദ്യുതി പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നുള്ള വെള്ളമാണ് പുഴയിലെ ജലനിരപ്പിനെയും ഒഴുക്കിനെയും സ്വാധീനിക്കുന്നത്.
വൈദ്യുതി ഉല്പാദനം കൂടുമ്പോള്‍ പുഴയില്‍ ജലനിരപ്പും ഒഴുക്കും കൂടും. പെട്ടന്നാണ് പുഴയ്ക്ക് മാറ്റമുണ്ടാകുന്നത്. ഈ അവസ്ഥയും ചിലപ്പോഴൊക്കെ അപകടത്തിന് കാരണമായിട്ടുണ്ട്. പുഴയോരത്തെ മണല്തിട്ടയിടിഞ്ഞ് പുഴയിലേക്ക് വീണുപോയവരും ഉണ്ട്. പുറമേ നിന്ന് വരുന്നവര്‍ക്ക് പുഴയുടെ അപകടസാധ്യത മുൻകൂട്ടി മനസിലാകാറില്ല. പരിസരപ്രദേശത്തുള്ള നാട്ടുകാര്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. പുഴയോരത്ത് മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
പഞ്ചായത്ത് സ്ഥാപിച്ച മുന്നറിയിപ്പ് ബോര്‍ഡ് ആന തകര്ത്തുകളഞ്ഞിരിന്നു. ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലുള്ള പ്രാധാന്യത്തെ നിലനിർത്തി അപകടങ്ങളിലില്ലാതാക്കാന് നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പുറമേ നിന്നെത്തി പുഴയിലിറങ്ങുന്നവരും അപകടസാധ്യത കണക്കിലെടുക്കണം.
അപകട സാധ്യത ഒഴിവാക്കാന്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് മാര്‍ഗങ്ങളും പഠന വിധേയമാക്കി നടപ്പാക്കണമെന്നും ആവശ്യമുണ്ട്.