വടക്കേക്കരയിൽ കുടിവെള്ളമെത്തിയിട്ട് ആഴ്ചകൾ : പറവൂർ ജല അഥോറിറ്റി ഓഫീസ് ഉപരോധിച്ചു
1538825
Wednesday, April 2, 2025 4:12 AM IST
പറവൂർ: വടക്കേക്കര പഞ്ചായത്തിന്റെ തീരദേശ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിയിട്ട് ആഴ്ചകളാകുന്നു. കുഞ്ഞിത്തൈ, ചെട്ടിക്കാട്, മാല്യങ്കര വാവക്കാട്, പാല്യത്തുരുത്ത് പ്രദേശങ്ങളിലുള്ളവർക്ക് രണ്ടാഴ്ചയായി ശുദ്ധജലം ലഭിച്ചിട്ട്. ഇതിന് പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് വടക്കേക്കരയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പറവൂർ ജല അഥോറിറ്റി ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തി. കുടിവെള്ളം കിട്ടാതെ വലയുന്നവരും സമരത്തിനെത്തി.
സമരം തുടങ്ങിയ ശേഷം ഓഫീസിലെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ സമരക്കാർ ഓഫീസിനകത്തേക്ക് കയറ്റി വിടാതെ ശക്തമായി പ്രതിഷേധിച്ചു. വടക്കേക്കര അസിസ്റ്റന്റ് എൻജിനീയറെയും ഓവർസിയറെയും പറവൂരിലേക്ക് വിളിച്ചുവരുത്തി സമരക്കാരുമായി ചർച്ച നടത്തി.
കുടിവെള്ളക്ഷാമമുള്ള പ്രദേശത്തേക്ക് കൂടുതൽ സമയ പമ്പിംഗ് നടത്താമെന്നും പറവൂരിലെ പമ്പ് ഹൗസിൽ നിന്നു വടക്കേക്കരയിലേക്ക് നൽകുന്ന വെള്ളത്തിന്റെ അളവ് രേഖപ്പെടുത്താനായി ഫ്ളോമീറ്റർ ഉടൻ സ്ഥാപിക്കുമെന്നും പൈപ്പുകളിലെ ചോർച്ചകൾ വേഗത്തിൽ പരിഹരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്നും ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിച്ചത്.