എംഡിഎംഎ: പ്രതിയുടെ പണമിടപാടുകള്‍ അന്വേഷിക്കുന്നു
1538630
Tuesday, April 1, 2025 6:57 AM IST
കൊച്ചി: എളമക്കര പുതുക്കലവട്ടത്ത് നിന്ന് 508.4 ഗ്രാം എംഡിഎംഎ പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായ പ്രതിയുടെ യാത്രകളും പണമിടപാടുകളും സംബന്ധിച്ച് പോലീസ് അന്വേഷണം. കേസില്‍ മലപ്പുറം പുറങ്കര മരമുട്ടം വലിയവളപ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാദ് (38) ആണ് കഴിഞ്ഞദിവസം എളമക്കര പോലീസിന്റെ പിടിയിലായത്.
രണ്ടു മാസത്തിനിടെ ഇയാള്‍ വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. പല ഇടപാടുകളും ദുരൂഹവുമാണ്. മാത്രമല്ല, ഇയാള്‍ പിടിയിലാകുന്നതിന് മൂന്ന് ദിവസം മുമ്പ് ഡല്‍ഹിയില്‍ പോയിട്ടുണ്ട്. ഇവിടെ നിന്നായിരിക്കാം മയക്കുമരുന്ന് എത്തിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. മറ്റു യാത്രകളുടെ വിവരങ്ങളും പോലീസ് ശേഖരിച്ചതായാണ് സൂചന.
ആലുവ കേന്ദ്രീകരിച്ചുള്ള കുപ്പിവെള്ള കമ്പനിയുടെ മറവിലാണ് ഇയാള്‍ ലഹരിക്കച്ചവടം നടത്തിയിരുന്നത്. കേരളത്തിന് വെളിയില്‍ നിന്ന് കിലോക്കണക്കിന് എംഡിഎംഎ എത്തിച്ച് 25, 50 ഗ്രാം പായ്ക്കറ്റുകളാക്കി ഗ്രാമിന് 1000 രൂപ നിരക്കിലായിരുന്നു കച്ചവടം. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നിഷാദിനെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും.