മുല്ലശേരി കനാല്‍ : പണികള്‍ പൂര്‍ത്തിയായ ഇടങ്ങളിലെ റോഡുകള്‍ ഉടൻ സഞ്ചാരയോഗ്യമാക്കാന്‍ നിര്‍ദേശം
1538839
Wednesday, April 2, 2025 4:25 AM IST
കൊച്ചി: ഓപ്പറേഷന് ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിലെ മുല്ലശേരി കനാലില്‍ പണികള്‍ പൂര്‍ത്തിയായ ഇടങ്ങളിലെ റോഡുകള്‍ അടിയന്തരമായി സഞ്ചാരയോഗ്യമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം.
ടി.ജെ വിനോദ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റഎ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വാട്ടര്‍ അഥോറിറ്റി ചേംബര്‍ സ്ഥിതി ചെയ്യുന്നതിനാല്‍ റോഡ് പുനര്‍നിര്‍മാണത്തിന് തടസമുള്ള ഇടങ്ങളില്‍ ഇറിഗേഷന്‍, വാട്ടര്‍ അഥോറിറ്റി വകുപ്പുകള്‍ സംയുക്തമായി പരിശോധന നടത്തി പ്ലാന്‍ തയാറാക്കണം.
മുല്ലശേരി കനാലിന്റെ തുടക്കത്തില്‍ വിവേകാനന്ദത്തോട് മുതലുള്ള 19 മീറ്ററും ചിറ്റൂര്‍ റോഡിലെ 17 മീറ്ററും നിലവിലുള്ള കോണ്ട്രാക്ടര് പൂര്‍ത്തിയാക്കും. ശേഷിക്കുന്ന സ്ഥലങ്ങളില്‍ പൈപ്പ് ലൈനുകള്‍ മാറ്റാന്‍ അടക്കമുള്ള കാര്യങ്ങളില്‍ കൃത്യമായി തയ്യാറാക്കി പുതിയ ടെന്‍ഡര്‍ വയ്ക്കും. മഴയ്ക്കു മുമ്പ് പരമാവധി പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.