ഇരപ്പുങ്കലിൽ രണ്ട് കടകളിൽ മോഷണം
1538611
Tuesday, April 1, 2025 6:57 AM IST
കോതമംഗലം : ചേലാട് ഇരപ്പുങ്കലിൽ രണ്ട് കടകളിൽ മോഷണം. ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. ഞായറാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് കവർച്ച നടന്നത്. രണ്ടിടത്തും ഷട്ടറിന്റെ താഴ് തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ഒലിവ് ട്രേഡേഴ്സിലേക്ക് മോഷ്ടാവ് ഓടി വരുന്നതിന്റെയും അകത്തുകടന്ന് മേശക്കുള്ളിൽ നിന്ന് പണം എടുക്കുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങളുണ്ട്. എന്നാൽ തുണികൊണ്ട് മൂടിയിരുന്നതിനാൽ മോഷ്ടാവിന്റെ മുഖം വ്യക്തമല്ല.
കോതമംഗലം പോലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. ഒലിവ് ട്രേഡേഴ്സിൽ മോഷണം നടത്തുന്നതിന് മുന്പ് സമീപത്തുള്ള മറ്റൊരു കെട്ടിടത്തിലെ സിസിടിവി കാമറ തകർക്കുകയും ചെയ്തു. ഈ സമയത്ത് കുറച്ചുനേരം പ്രദേശത്ത് വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. ഇതുമൂലം കാമറയുടെ സമീപത്തേക്ക് മോഷ്ടാവ് എത്തുന്നതിന്റെ ദൃശ്യവും കാമറയിൽ പതിഞ്ഞില്ല. ഈ കാമറയിൽ നിന്നുള്ള വിരലടയാളവും ഫോറൻസിക് സംഘം ശേഖരിച്ചു. ഒലിവ് ട്രേഡേഴ്സിൽ നിന്ന് 50,000ൽ അധികം രൂപ നഷ്ടപ്പെട്ടതായി ഉടമ ജൂഡ് വർഗീസ് പറഞ്ഞു. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഒലിവ് ട്രേഡേഴ്സിൽ നിന്ന് കുറുച്ചുദൂരം മാറിയാണ് എയ്ഞ്ചൽ ഫാർമ എന്ന മെഡിക്കൽ സ്റ്റോർ പ്രവർത്തിക്കുന്നത്.
ഇവിടെനിന്ന് 5000 ൽ അധികം രൂപ നഷ്ടപ്പെട്ടതായി ഉടമ ബിജു പറഞ്ഞു.