വ്യാജതിരിച്ചറിയൽ രേഖകൾ നിർമിക്കുന്ന ഉത്തരേന്ത്യന്‍സംഘം ജില്ലയില്‍ സജീവം
1538821
Wednesday, April 2, 2025 4:01 AM IST
പ്രത്യേകസംഘം രൂപീകരിച്ച് പോലീസ് നിരീക്ഷണം
കൊച്ചി: പണം നല്കിയാല് ഏതു പേരിലും ആധാര്‍ കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ തരപ്പെടുത്തി നല്കുന്ന ഉത്തരേന്ത്യന്‍ സംഘം ജില്ലയില്‍ സജീവം. കഴിഞ്ഞ മാസം സാമന കേസില്‍ രണ്ട് ആസാം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ കടകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിംഗ്, ഫോട്ടോസ്റ്റാറ്റ് കടകള്‍ എന്നിവയുടെ മറവിലാണ് അനധികൃത സംഘത്തിന്റെ പ്രവര്‍ത്തനം.
ഇതരസംസ്ഥാന തൊഴിലാളികളെയും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള അനധികൃത നുഴഞ്ഞു കയറ്റക്കാരെയും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം കേന്ദ്രങ്ങള്‍. തൊഴിലിനുവേണ്ടി പ്രാദേശിക ആവശ്യത്തിന് പുറമേ വ്യാജമായി നിര്‍മിക്കുന്ന തിരിച്ചറിയല്‍ രേഖ ഇത്തരക്കാര്‍ ഔദ്യോഗിക രേഖകളാക്കിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പ്രാദേശിക ആളുകളില്‍ നിന്ന് കടകള്‍ ലീസിന് എടുത്താണ് തട്ടിപ്പും കുറ്റകൃത്യവും നടത്തുന്നത്.
ജനുവരി മുതല്‍ കഴിഞ്ഞ മാസം വരെ വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് അനധികൃതമായി തങ്ങിയിരുന്ന നിരവധി ബംഗ്ലാദേശികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് തിരിച്ചറിയില്‍ രേഖകള്‍ വ്യാജമായി നിര്‍മിച്ച് നല്‍കിയിരുന്നത് ഈ ഉത്തരേന്ത്യന്‍ സംഘങ്ങളാണ്. സിം കാര്‍ഡ് വാങ്ങാനെത്തുന്നവരുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തായിരുന്നു വ്യാജ ആധാര്‍ നിര്‍മാണം. ഫോട്ടോയും മേല്‍വിലാസവും മാറ്റുന്നതിന് പുറമേ 12 അക്ക ആധാര്‍ നമ്പറിലെ അവസാന നാല് അക്കങ്ങള്‍ മാറ്റിയാണ് വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചിരുന്നത്.
15,000 മുതല്‍ 25,000 രൂപ വരെ നല്കിയാല് ആധാര്‍ കാര്‍ഡിന് പുറമേ പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, വോട്ടര്‍ ഐഡി എന്നീ ഏത് രേഖകളും ഈ വ്യാജ സംഘം നിര്‍മിച്ചു നല്‍കും. പെരുമ്പാവൂരിലും എറണാകുളം ബ്രോഡ്വേയിലും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ജില്ലയില്‍ അനധികൃതമായി തങ്ങിയിരുന്ന ബംഗ്ലാദേശികള്‍ വ്യാജ ആധാര്‍ കാര്‍ഡുമായി പിടിയിലായതോടെയാണ് ഈ സംഘത്തെപ്പറ്റി പോലീസിനും വിവരം ലഭിക്കുന്നത്. എറണാകുളം റൂറലില്‍ പ്രത്യേകസംഘം രൂപീകരിച്ച് ഇത്തരക്കാരെ നിരീക്ഷിച്ചുവരികയാണ്.