വീട്ടിൽ സൂക്ഷിച്ച വാഷും മദ്യവുമായി ബസ് ഡ്രൈവർ പിടിയിൽ
1538831
Wednesday, April 2, 2025 4:12 AM IST
പറവൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായം വാറ്റാൻ സൂക്ഷിച്ചിരുന്ന വാഷുമായി സ്വകാര്യ ബസ് ഡ്രൈവർ എക്സൈസ് പിടിയിലായി. കൊടുങ്ങല്ലൂർ - പറവൂർ - ചേരാനല്ലൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവർ മൂത്തകുന്നം ചെട്ടിക്കാട് ആണ്ടിയാക്കൽ സനിൽകുമാർ (51) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽനിന്നു 40 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 6.350 ലിറ്റർ പോണ്ടിച്ചേരി മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.
എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ജി. വിജുനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡ്രൈ ഡേ ആയിരുന്ന ചൊവ്വാഴ്ച വിൽപ്പനക്കായാണ് മദ്യം സൂക്ഷിച്ചിരുന്നത്. കോവിഡ് കാലം മുതൽ മദ്യവിൽപ്പന നടത്തുന്ന സനിൽകുമാറിന് സ്ഥിരം ഇടപാടുകാരുണ്ട്.
ഡ്രൈ ഡേയിലാണ് പ്രധാനമായും വിൽപ്പന നടത്തിയിരുന്നത്.മുന്പ് രണ്ട് തവണ ഇയാൾ എക്സൈസിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടിട്ടുണ്ട്. സനിൽകുമാറിന് പോണ്ടിച്ചേരി മദ്യം നൽകിയ ആളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അധികൃതർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.