കാലാവധി തീര്‍ന്നു ; സിഎസ്എംഎല്ലിന്റെ ഭാവി ഇനി എന്ത്?
1538629
Tuesday, April 1, 2025 6:57 AM IST
കൊച്ചി: അടിസ്ഥാന സൗകര്യ വികസനത്തിലുള്‍പ്പെടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ കൊച്ചി സ്മാര്‍ട്ട് മിഷന് ലിമിറ്റഡിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരിക്കെ, ഇനിയെന്ത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു. ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിച്ചെങ്കിലും ഒരു ഡിസനിലേറെ പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. മാത്രമല്ല, ജിസിഡിഎയുമായി ചേര്‍ന്ന് 100 കോടിയുടെ ഓപ്പണ്‍ സ്പേസ് നവീകരണ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ സിഎസ്എംഎല്ലിന് തുടരാനായില്ലെങ്കില്‍ പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നാണ് ജനപ്രതിനിധികളുടെ ആശങ്ക.
തുരുത്തിക്കോളനിക്കാര്ക്കുള്ള പാര്‍പ്പിട സമുച്ചയം, പാര്‍ക്കിംഗ് ആപ്, എല്‍ഇഡി തെരുവ് ലൈറ്റുകള്‍ സ്ഥാപിക്കല്‍, എറണാകുളം മാര്‍ക്കറ്റിലെ മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് തുടങ്ങിയ പദ്ധതികള്‍ അന്തിമഘട്ടത്തിലാണ്. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ഇതിനു പിന്നാലെയാണു നഗരത്തിലെ ഓപ്പണ്‍ സ്പെയ്സുകള്‍ ഗുണകരമായ നിലയില്‍ ഉപയോഗപ്പെടുത്തുന്ന 100 കോടിയുടെ ബൃഹത് പദ്ധതിക്കും ആരംഭം കുറിച്ചിരിക്കുന്നത്.
നിലവില്‍ പൂര്‍ത്തീകരിച്ചതും ഇനി പൂര്‍ത്തീകരിക്കാനുള്ളതുമായ പദ്ധതികളുടെ നടത്തിപ്പും പരിപാലനവും നിശ്ചിത കാലയളവിലേക്ക് സിഎസ്എംഎല്ലില് ഏറ്റെടുക്കണമെന്നാണ് കരാര്‍ വ്യവസ്ഥ. അത് ചെയ്യുന്നതിനുള്ള ഫണ്ട് സിഎസ്എംഎലിന്റെ പക്കലുണ്ട്. എന്നാല്‍ ഓഫീസിന്റെ പ്രവര്‍ത്തനം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അവ്യക്തത നിലനില്‍ക്കുകയാണ്.
കാലാവധി തീര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര ഫണ്ടുകള്‍ ഇനി ലഭിക്കില്ല. അതുകൊണ്ട് തന്നെ പുതിയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാനും കഴിയില്ല. അല്ലെങ്കില്‍ കോര്പറേഷന് സിഎസ്എംഎല്ലിനെ എറ്റെടുത്ത് പദ്ധതികളുടെ നടത്തിപ്പ് ചുമതല കൈമാറണം.
മുംബൈ പോലുള്ള കോര്‍പറേഷനുകള്‍ ഇതു ചെയ്തു കഴിഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കൊച്ചി കോര്‍പറേഷനെ സംബന്ധിച്ചിടത്തോളം സിഎസ്എംഎല്ലിനെ ഏറ്റെടുക്കുക എന്നത് പ്രായോഗികവുമല്ല.
എംഡി ഉള്‍പ്പടെ 18 ജീവനക്കാരാണ് സിഎസ്എംഎല്ലിലുള്ളത്. ഇവരുടെ ശമ്പളവും ഓഫീസിന്റെ പരിപാലനവും അടക്കം ലക്ഷങ്ങള്‍ ചെലവ് വരും. മാത്രമല്ല സിഎസ്എംഎല്ലിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സര്‍വൈലന്‍സ് സിസ്റ്റത്തിന്റെ പരിപാലത്തിനും ലക്ഷങ്ങള്‍ വേണം. ഇത് കൊച്ചി കോര്‍പറേഷനെകൊണ്ട് താങ്ങാനാകുന്നതല്ല. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ എന്തെങ്കിലും മാര്‍ഗം കാണുമെന്ന പ്രതീക്ഷയാണ് സിഎസ്എംഎല്ലിനും കൊച്ചി കോര്‍പറേഷനും.